ഡൽഹി: ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ അക്കൗണ്ട് ട്വിറ്റർ പൂട്ടി. ഇന്നലെ കുറിച്ച ഒരു ട്വീറ്റിൽ ഗുജറാത്ത് കലാപത്തേക്കുറിച്ച് നേരിട്ടല്ലാതെ പരാമർശിച്ചു എന്ന് വിമർശിച്ച് കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് നടപടി. തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനാൽ പ്രസ്തുത അക്കൗണ്ട് സസ്‌പെൻഡ് ചെയ്തിരിക്കുന്നതായാണ് ട്വിറ്ററിന്റെ അറിയിപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാളിൽ നിന്നുള്ള ബിജെപി എംപി സ്വപൻദാസ് ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു. ബിർഭം ജില്ലയിലെ നാനൂരിൽ സ്ഥിതി അപകടകരമാണെന്നും ബിജെപി പ്രവർത്തകരെ ലക്ഷ്യം വച്ച് ഇറങ്ങിയിരിക്കുന്ന അക്രമികളിൽ നിന്നും രക്ഷതേടി ആയിരത്തിലധികം കുടുംബങ്ങൾ വീടുവിട്ട് ഇറങ്ങിയിരിക്കുകയാണെന്നും ട്വീറ്റിൽ ഉണ്ടായിരുന്നു. വേണ്ട നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രസ്തുത ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ച വരികളാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.

'ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാൻ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവർ (മമത ബാനർജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ', എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

എന്നാൽ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളിൽ ആവർത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ വ്യാപക പ്രതിഷേധം ആരംഭിച്ചു. പതിനയ്യായിരത്തിലേറെ ട്വീറ്റുകൾ എത്തിയതോടെ കങ്കണ റണൗത്ത് എന്ന പേര് ട്വിറ്ററിൽ ട്രെൻഡിംഗുമായി. വിമർശനം പെരുകവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റർ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളിൽ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിന്റെ പേരിൽ കങ്കണ മുൻപും വിമർശിക്കപ്പെട്ടിട്ടുണ്ട്.