ന്യൂഡൽഹി: മുംബൈയിലുള്ള വസതിയിൽ കങ്കണ അനധികൃത നിർമ്മാണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2018ൽ ബിഎംസി കങ്കണയ്ക്ക് അയച്ച നോട്ടീസ് പുറത്ത്. അനധികൃത നിർമ്മാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ ഓഫീസ് തകർത്ത ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ നടപടി വിവാദത്തിലായിരിക്കേയാണ് ബി.എം.സി. കങ്കണയ്ക്കയച്ച മറ്റൊരു നോട്ടീസ് പുറത്ത് വന്നിരിക്കുന്നത്.

മുംബൈയിലുള്ള കങ്കണയുടെ വസതിയിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.എം.സി.2018-ൽ കങ്കണയ്ക്കയച്ച നോട്ടീസ്് ഇന്ത്യ ടുഡെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഓഫീസ് നിർമ്മാണത്തേക്കാൾ ഗുരുതരമാണ് വസതിയിലെ അനധികൃത നിർമ്മാണമെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മുംബൈയിലെ ഖർ വെസ്റ്റിലെ 16-ാം റോഡിലുള്ള ഡിബി ബ്രീസിലാണ് റണാവത്തിന്റെ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. അഞ്ചാംനിലയിൽ മൂന്നുഫ്ളാറ്റുകളാണ് കങ്കണയുടേതായി ഉള്ളത്. 797 ചതുരശ്ര അടി, 711 ചതുരശ്ര അടി, 459 ചതുരശ്ര അടിയിലുള്ള മൂന്നു ഫ്ളാറ്റുകളാണ് 2013-ൽ മാർച്ച് എട്ടിന് കങ്കണ സ്വന്തമാക്കിയത്.

കങ്കണയ്ക്ക് പുറമേ ഇതേ കെട്ടിടത്തിലെ മറ്റുതാമസക്കാർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. 2013-ൽ കങ്കണ ഫ്ളാറ്റിന് അനധികൃത നിർമ്മാണം ആരോപിച്ച് 2018 മാർച്ച് 26-നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്ളാറ്റിൽ നടത്തിയ അനധികൃത നിർമ്മാണങ്ങളും അനുമതി ലഭിച്ച പ്ലാനിൽ നിന്ന് ഭിന്നമായി നടത്തിയ നിർമ്മാണങ്ങളും നോട്ടീസിൽ ബി.എം.സി. ചൂണ്ടിക്കാണിക്കുന്നുണ്ട്.