മുംബൈ: 2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന പ്രസ്താവന വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി നടി കങ്കണ റണൗത്ത്.തന്റെ വാക്കുകളെ അടർത്തിയെടുത്ത് ഉപയോഗിക്കുകയാണെന്നാണ് താരം പറയുന്നത്.താൻ സ്വാതന്ത്ര്യ സമരപോരാളികളെ അപമാനിച്ചിട്ടില്ല.മരിച്ചു കിടന്നിരുന്ന ഇന്ത്യൻ ജനത ഉണർന്നെണീറ്റത് 2014 ലാണ് എന്നാണ് താൻ പറഞ്ഞതെന്നും കങ്കണ വിശദീകരിച്ചു.വിവാദ പ്രസ്താവനയെത്തുടർന്ന് കങ്കണയുടെ പത്മപുരസ്‌കാരം തിരിച്ചെടുക്കണമെന്ന് വരെ ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കങ്കണ രംഗത്ത് വന്നത്.

'1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് എനിക്കറിയാം. റാണി ലക്ഷ്മി ഭായ്‌യുടെ ജീവിതം പറയുന്ന ഒരു സിനിമയിൽ (മണികർണ്ണിക: ദ് ക്വീൻ ഓഫ് ഝാൻസി) ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിന്റെയും റാണി ലക്ഷ്മി ഭായ്‌യുടെയും സവർക്കർജിയുടെയും ത്യാഗങ്ങളെക്കുറിച്ച് എനിക്കറിയാം. പക്ഷേ 1947ൽ നടന്ന യുദ്ധത്തെക്കുറിച്ച് എനിക്കറിയില്ല കങ്കണ പറയുന്നു.

1857ൽ ദേശീയത ഉണർന്നു എന്നത് യാഥാർഥ്യമാണ്. പക്ഷേ അതിന് പെട്ടെന്നൊരു മരണമുണ്ടായത് എന്തുകൊണ്ടാണ്? സുഭാഷ് ചന്ദ്രബോസിന് എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പിന്തുണ ലഭിക്കാതിരുന്നത്? ഐഎൻഎയുടെ ഒരു ചെറിയ യുദ്ധം പോലും നമുക്ക് സ്വാതന്ത്ര്യം നേടിത്തരുമായിരുന്നു.പകരം കോൺഗ്രസ് പാർട്ടിയുടെ ഭിക്ഷാപാത്രത്തിലേക്കാണ് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം വച്ചുനീട്ടിയത്', ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ രൂപത്തിൽ കങ്കണ കുറിച്ചു.

ഭൗതികമായ സ്വാതന്ത്ര്യം 1947ൽ നേടിയിരിക്കാമെന്നും ആ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല താൻ അഭിമുഖത്തിൽ ഉദ്ദേശിച്ചതെന്നും കങ്കണ പറയുന്നു. 'അവബോധം കൊണ്ട് ഇന്ത്യ സ്വതന്ത്രയാക്കപ്പെടുന്നത് 2014 ലാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മരിച്ച ഒരു ജനത ഉയർത്തെഴുന്നേറ്റ് ചിറകു വിരിച്ചത് 2014ലാണ്.' ടെലിവിഷൻ അഭിമുഖത്തിലൂടെ സ്വാതന്ത്ര്യസമര പോരാളികളെ താൻ അപമാനിച്ചുവെന്ന് ആർക്കെങ്കിലും തെളിയിക്കാനാവുമെങ്കിൽ ലഭിച്ച പത്മശ്രീ പുരസ്‌കാരം മടക്കിനൽകാൻ താൻ തയ്യാറാണെന്നും കങ്കണ കുറിച്ചു.

ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്.രാജ്യം 1947ൽ നേടിയത് യഥാർഥ സ്വാതന്ത്ര്യമല്ലെന്നും 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് രാജ്യം യഥാർഥത്തിൽ സ്വാതന്ത്ര്യം നേടിയതെന്നുമായിരുന്നു കങ്കണയുടെ പരാമർശം. ഇതിനെതിരെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ, ബിജെപി നേതാവ് വരുൺ ഗാന്ധി, മഹാരാഷ്ട്രയിലെ എൻസിപി മന്ത്രി നവാബ് മാലിക് എന്നിവർക്കൊപ്പം ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.