കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചടിയായി കേന്ദ്രസർക്കാർ തീരുമാനം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഉടൻ വിദേശ വിമാന സർവീസ് തുടങ്ങില്ലെന്ന കേന്ദ്രസർക്കാർ തീരുമാനമാണ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസവിൽ ഏവിയേഷൻ മന്ത്രി വി.കെ സിങാണ് രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ ഈക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു വിദേശ വിമാനങ്ങൾക്കു സർവീസ് നടത്താൻ സഹായകരമായ പോയന്റ ഓഫ് കോൾ പദവി മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിനു നൽകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ.

എന്നാൽ നോൺ മെട്രോ വിഭാഗത്തിലുള്ള വിമാനത്താവളങ്ങൾക്കായി വിദേശ വിമാനസർവീസ് കമ്പനികൾക്കു സർവീസ് നടത്താൻ കഴിയുന്ന ബെലാറ്ററൽ പോളിസി താൽക്കാലികമായി പുതുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. നേരത്തെ ചെറുനഗരമായ മട്ടന്നൂരിലുള്ള വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന സർവീസുകൾ നടത്താൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വിവിധ വിദേശ കമ്പിനിവിമാനങ്ങൾ യാത്രക്കാരുമായി കണ്ണൂരിലെത്തിയിട്ടുണ്ട്.

അതേ സമയം ഇന്ത്യൻ വിമാനകമ്പനികൾക്കു മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശസർവീസ് നടത്താൻ അനുമതിയുണ്ട്. മൂന്നുവർഷം പൂർത്തിയാക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം മുതൽ എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഒമാൻ, എയർ ഗൾഫ്, എയർ ഖത്തർ, എയർവേയ്സ്, ഫ്ളൈ ദുബായ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ തുടങ്ങി ഒട്ടേറെ കമ്പിനികൾ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ താൽപര്യം കാണിച്ചിരുന്നുവെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തത് കിയാലിന് തിരിച്ചടിയായി.

വിമാനതാവളത്തിന്റെ വാണിജ്യ, സാമ്പത്തിക വികസനത്തിനായി കാർഗോ കോംപൽക്സടക്കം പ്രവർത്തനം ആരംഭിച്ചുവെങ്കിലും വിദേശ വിമാന സർവീസുകൾ തുടങ്ങാത്തത് യാത്രക്കാരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനവിഷയത്തിൽ കേന്ദ്രംഭരിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സംസ്ഥാനഭരണം നിയന്ത്രിക്കുന്ന സിപിഎമ്മിന്റെ ആരോപണം.വരുംദിനങ്ങളിൽ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടു കൂടുതൽ രാഷ്ട്രീയവിവാദങ്ങൾക്കു കാരണമായേക്കും.