കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് മൂന്ന് പേർ ചികിത്സയിൽ കഴിയുന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കതിരൂരിൽ നിർമ്മിക്കുന്നതിനിടെ ബോംബ് പൊട്ടിയപ്പോൾ ഓടി രക്ഷപ്പെട്ടയാളാണ്പിടിയിലായത്. പൊന്ന്യം സ്വദേശി അശ്വന്താണ് പൊലീസിന്റെ പിടിയിലായത്. സിഒടി നസീർ വധശ്രമക്കേസ് രണ്ടാം പ്രതിയാണ് അശ്വന്ത്. ഇയാൾ സിപിഎം പ്രവർത്തകനാണെന്നാണ് പുറത്തുവരുന്ന വിവരം. ബോംബ് നിർമ്മാണത്തിന് കാവൽ നിന്നായളാണ് അശ്വന്തെന്ന് പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവർത്തകരായിരുന്നു ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തത്. അഞ്ചാമന് വേണ്ടി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

അതിനിടെ പൊട്ടിത്തെറിയിൽ കണ്ണ് തകർന്ന സജിലേഷ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടിയത് വ്യാജ പേരിലാണ്. ഇയാൾ ഒരു കൊലപാതക ശ്രമക്കേസ് പ്രതിയാണ്. അതേസമയം, കേസ് അന്വേഷണം തലശ്ശേരി ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇന്നും കതിരൂർ പഞ്ചായത്തിൽ ഡോഗ് സ്വാഡ് പരിശോധന നടത്തി. ഇരു കൈപ്പത്തികളും അറ്റ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിനീഷ് സിപിഎം മെമ്പറാണ്. സിപിഎം ശക്തികേന്ദ്രത്തിൽ നടന്ന സ്‌ഫോടനത്തെക്കുറിച്ച് അറിയില്ലെന്നാണ് പാർട്ടിയുടെ പ്രാദേശിക ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

ഇന്നലെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നിർമ്മിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിയത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടി പി വധക്കേസിൽ ഉൾപ്പെട്ടയാളുടെ രണ്ട് കൈപ്പത്തിയും തകർന്നു. അഴിയൂർ സ്വേദശി രെമീഷ് അടക്കം രണ്ട് സിപിഎം പ്രവർത്തകർക്കാണ് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റത്. സിപിഎം ശക്തി കേന്ദ്രമായ പൊന്ന്യത്ത് രണ്ട് പേർ ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ ഷെഡ് കെട്ടിയായിരുന്നു സ്റ്റീൽ ബോംബ് നർമ്മാണം.

ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകരായ രെമീഷ്, സജിലേഷ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണസംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന്കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത രെമീഷന്റെ രണ്ട് കൈപ്പത്തികളും സ്‌ഫോടനത്തിൽ അറ്റു. ടി പി കേസിലെ മുഖ്യപ്രതിയായ കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് അഴിയൂർ സ്വദേശിയായ രെമീഷ്.

സ്‌ഫോടനമുണ്ടായ പൊന്ന്യം, സ്ഥിര ബോംബ് നിർമ്മാണ കേന്ദ്രമാണെന്ന നിഗമനത്തിൽ പൊലീസ്. വിവിധ സ്ഥലങ്ങളിലേക്ക് ബോംബുകൾ എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് മൂന്ന് തരം ബോംബുകളാണ് ഇന്നലെ കണ്ടെത്തിയത്. ഏറെ നാളുകൾക്ക് ശേഷമാണ് കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ കൂടിവരുന്നത്.

കഴിഞ്ഞ ദിവസം സിപിഎം ശക്തികേന്ദ്രമായ പൊന്ന്യത്ത് നിർമ്മാണത്തിനിടെ ബോംബ് പൊട്ടിയതോടെ കനത്ത ജാഗ്രതിയിലാണ് ജില്ല. പൊന്ന്യത്തുണ്ടായിരുന്നത് ബോംബ് നിർമ്മിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമല്ലെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ തറയും ഉറപ്പുള്ള മേൽക്കൂരയുമെല്ലാം അതിന് തെളിവാണ്. പ്ലൈവുഡ് പലകകളും കവുങ്ങും ഉപയോഗിച്ചുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്. സമീപത്തെ പൊന്ന്യം പുഴ മുറിച്ചുകടന്നാണ് ബോംബുകൾ കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

പിടിച്ചെടുത്ത ബോംബുകൾ ഉഗ്രശേഷിയുള്ളതാണെന്ന് നിർവീര്യമാക്കാൻ പൊട്ടിച്ചപ്പോൾ തന്നെ പൊലീസിന് വ്യക്തമായി. മൂന്ന് തരം ബോംബുകളാണ് പൊന്ന്യത്ത് നിർമ്മിച്ചതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ചെറുതും വലുതുമായ സ്റ്റീൽ ബോംബുകളും നാടൻ ബോംബുകളും. ഇതിൽ ചെറിയ സ്റ്റീൽ ബോംബിനാണ് പ്രഹരശേഷി കൂടുതൽ. വലിയ ബോംബ് വൻ ശബ്ദവും പുകയുമുണ്ടാക്കി ഭീതിപ്പെടുത്തും. നിരവധി ചെറിയ ബോംബുകൾ പൊന്ന്യത്തുനിന്ന് കടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സ്‌ഫോടനത്തിൽ പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.

അതിനിടെ ബോബ് നിർമ്മാണത്തിനിടെയുണ്ടാ സ്ഫോടനത്തിൽ പരിക്കേറ്റ പ്രവർത്തകരെ തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തി. ബോംബ് സ്ഫോടനത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും പരിക്കേറ്റ പ്രതികളിൽ ഒരാൾ ടിപി കേസിലെ പ്രതിയാണെന്നു കരുതി അയാൾ പാർട്ടിക്കാരൻ ആകുന്നില്ലായെന്നും എംവി ജയരാജൻ പറഞ്ഞു. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ പരാമർശം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും നിർമ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് പരിക്കേറ്റിരുന്നു. വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡിവൈഎഫ്ഐക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു.

അതേസമയം, കതിരൂർ ബോംബ് സ്‌ഫോടനം അന്വേഷണം നടത്താൻ തലശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തുണ്ടായിരുന്നവർ തെളിവ് നശിപ്പിക്കാനുള്ള ശ്രമം തുടക്കത്തിൽ നടത്തിയിരുന്നുവെന്നും ഇവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവർത്തകരാണ് ബോംബ് നിർമ്മിച്ചത്. ബോംബ് നിർമ്മിക്കാൻ സ്ഥലം നൽകിയ ആൾക്കെതിരെയും കേസെടുത്തുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.