കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപതിയിൽ ഹൗസ് സർജന്മാരും ജീവനക്കാരും തമ്മിലുണ്ടായ കൈയാങ്കളി സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇരു വിഭാഗത്തിന്റെയും പരാതിയിൽ കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തു. ഹൗസ് സർജൻ മാർ കൈയേറ്റം ചെയ്തതായി ആരോപിച്ച് ശുചീകരണ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ സാജൻ റോഡ്രിനസ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കൈയേറ്റത്തിനിടെ കഴുത്തിന് മുറിവേറ്റതായുള്ള സാജന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാജൻ അപമര്യാദയായി പെരുമാറിയെന്ന ഹൗസ് സർജൻ ഡോ. ആതിര രജനിയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്. സാജന്റെ അമ്മയും ആശുപത്രിയിലെ നഴ്‌സിങ്ങ് അസിസ്റ്റന്റുമായ മേരിക്കുട്ടിയെ ഹൗസ് സർജൻ മാർ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഹൗസ് സർജന്മാരുടെ കൈയേറ്റത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രി പരിസരത്ത് പ്രകടനം നടത്തി. ഡോ. ആതിരാ രജനിയും സാജനും സാജന്റെ മാതാവും ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ഇരു വിഭാഗത്തിന്റെയും പരാതി ലഭിച്ചിട്ടുണ്ടെന്നും കുറക്കാർക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കുമെന്നും ആശുപത്രി സുപ്രണ്ട് അറിയിച്ചു.