കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ സിലബസിൽ ഹിന്ദുത്വവത്കരണം നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല. സർവകലാശാല സിലബസിൽ കാവിവത്കരണം എന്ന ആരോപണം തള്ളിയ വിസി, സിലബസ് മരവിപ്പിക്കില്ലെന്നും വ്യക്തമാക്കി.

തലശേരി ഗവൺമെന്റ് കോളേജിൽ എം.എ ഗവേർണൻസ് ആൻഡ് പൊളിറ്റിക്‌സ് കോഴ്‌സിലെ വിവാദ സിലബസുകൾ രണ്ടംഗ വിദഗ്ദ്ധ സമിതി പരിശോധിക്കും. കേരള സർവകലാശാലയിലെ ഡോ.ജെ.പ്രഭാഷ്, കോഴിക്കോട് സർവകലാശാലയിലെ റിട്ട: പ്രൊഫസർ പവിത്രൻ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. ഇവർ പരിശോധിച്ചതിനു ശേഷം സിലബസ് നടപ്പാക്കണോ വേണ്ടയോയെന്ന കാര്യം തീരുമാനിക്കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



വിഷയത്തിൽ കാവി വത്കരണം നടന്നിട്ടില്ല. മറ്റ് നേതാക്കളുടെ പുസ്തകങ്ങൾക്കൊപ്പം തന്നെയാണ് സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. ഇരുവരുടേയും പുസ്തകങ്ങൾ വന്നതിൽ അപാകതയില്ല. അദ്ധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ ഉണ്ടാകാം.

സവർക്കർക്കറിന്റെയും ഗോൾവാൾക്കറിന്റെയും പാഠഭാഗങ്ങൾ സിലബസിൽ വെച്ചതു ഇന്ത്യൻ രാഷ്ട്രീയത്തിലെ ആശയധാരയെ കുറിച്ചു പഠിക്കുന്നതിനു വേണ്ടിയാണ് സിലബസുമായി ബന്ധപ്പെട്ട് കാവി വൽക്കരണമുണ്ടായിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ടു നൽകിയത്.

ഹിന്ദുത്വ പുസ്തകങ്ങൾ പഠിക്കുന്നതിനൊടൊപ്പം മഹാത്മ ഗാന്ധി മുതൽ കാഞ്ച ഐലയ്യ വരെയുടെ പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട് എന്നിരുന്നാലും സിലബസ് ഉയർത്തിയ വിവാദങ്ങൾ പരിഗണിച്ച് അതു വിശദമായി പഠിക്കാനും ആവശ്യമെങ്കിൽ പരിഷ്‌കരണങ്ങൾ ശുപാർശ ചെയ്യാനും ഒരു ബാഹ്യ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർവകലാശാല തുടർ നടപടികൾ സ്വീകരിക്കുമെന്നും വി സി അറിയിച്ചു.

എല്ലാവരേയും കുറിച്ച് വിദ്യാർത്ഥികൾ പഠിക്കേണ്ടതുണ്ട്. എന്നാൽ ഹിന്ദുത്വ വാദികളുടെ അഞ്ച് പുസ്തകങ്ങൾ വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണെന്നും പറഞ്ഞു.


സിൻഡിക്കേറ്റ് യോഗം ഇതു വരെ നടന്നിട്ടില്ല. അതു കൊണ്ടു തന്നെ നിലപാട് വ്യക്തമായി അറിയില്ലെന്നും വി സി വ്യക്തമായി.വാർത്താ സമ്മേളനത്തിൽ സിൻഡിക്കേറ്റംഗങ്ങളായ എൻ.സുകന്യ ,പ്രമോദ് വെള്ളച്ചാൽ പി .വി സി എ സാബു എന്നിവരും പങ്കെടുത്തു

കണ്ണൂർ സർവകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. പിന്നാലെയാണ് വിസിയുടെ വിശദീകരണം.

വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർഎസ്എസ്. നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ.എസ്.യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്.