കണ്ണൂർ: നിയമവും നടപടിക്രമങ്ങളും നോക്കാതെ നിയമനം നടത്താൻ പാടില്ലായിരുന്നുവെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. തന്നെ വിസിയായി നിയമിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിർപ്പുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കണമെന്നും കോടതി നിർദേശിക്കുകയാണെങ്കിൽ പദവി ഒഴിയുമെന്നും പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.

'വിഷയത്തെക്കുറിച്ച് പത്രത്തിൽ വായിച്ചത് മാത്രമെ അറിയൂ. ഗവർണറാണ് എന്നെ നിയമിച്ചത്. വിഷയം കോടതിയുടെ മുന്നിലുണ്ട്. കൂടുതലൊന്നും പറയാനില്ല. കോടതി വിധി പോലെ മുന്നോട്ട് പോകും.' വിസി പ്രതികരിച്ചു. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് തന്റെ നിയമനം എന്ന ആരോപണത്തിൽ സർക്കാർ ആണ് മറുപടി നൽകേണ്ടതെന്നും പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷമാണെന്ന വിമർശനത്തോടെയായിരുന്നു കത്ത്. ഈ കത്ത് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഗവർണർ വിമർശനം ഉന്നയിച്ചത്. തന്റെ കൈകെട്ടിയിട്ടിരിക്കുകയാണ്. കേരളത്തിലെ സർവകലാശാലകളിൽ രാഷ്ട്രീയം ഇടപെടലുകൾ ശക്തമാണ്. സർവകലാശാലയിലെ സംഭവ വികാസങ്ങൾ ഞെട്ടിക്കുന്നതാണ്. ഇതിന് അനുമതി നൽകേണ്ടി വരുന്നത് വിഷമം ഉണ്ടാക്കുന്നു.

സർവകലാശാലകളിലെ നിയമനങ്ങളിൽ സ്വജന പക്ഷപാതം വ്യക്തമാണ്. തന്റെ സർക്കാറിനോട് ഏറ്റുമുട്ടൽ വേണ്ടെന്ന് കരുതിയാണ് ഇത്രയും കാലം മൗനം പാലിച്ചത്. ഇനി അത് തുടരാൻ ആവില്ലെന്ന് കണ്ടെന്നാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കേണ്ടിവന്നത് എന്നും ഗവർണർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ചാൻസലർ എന്നപദവി ഭരണഘടനാ പരമല്ല. അതിനാൽ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ് താൻ ആവശ്യപ്പെടുന്നത്. അതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് നേരത്തെ കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു.

സർവകലാശാലകളുടെ സ്വയം ഭരണാവകാശം സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു എന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിസി നിയമനങ്ങൾക്ക് മൂന്ന് പേരുകൾ നിർദേശിക്കുന്നതിന് പകരം ഒരു പേര് നിർദേശിക്കുന്ന നിലയാണ് സ്വീകരിച്ച് വരുന്നത്. ഇതിൽ ഇടപെടാൻ ഉള്ള ഗവർണറുടെ സാഹചര്യം ഇല്ലാതാവുകയാണെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കണ്ണൂർ സർവകലാശാലയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.