കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. വിവിധ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.

വിസിയെ നീക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. കേസിൽ സർക്കാറിന് എതിരായ നിലപാട് ഗവർണർ സ്വീകരിക്കാതിരുന്നതും സർക്കാറിന് ഗുണകരമായി. കോടതി വധിയോടെ ഇപ്പോഴത്തെ വിവാദങ്ങൾ അടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം രണ്ടാം തീയതി നടന്ന വാദത്തിനു ശേഷമാണ് കേസിൽ വിധിപറയാൻ ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടിരുന്നു. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ വിസിക്ക് അതേ പദവിയിൽ ഗവർണർ നാല് വർഷത്തേക്കു കൂടി പുനർനിയമനം നൽകുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

പിന്നീടാണ് രാഷ്ട്രീയ സമ്മർദം മൂലമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചത്. തുടർന്ന്, വിസി നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നും സമ്മർദങ്ങൾക്ക് വിധേയനായി ചാൻസിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞിരുന്നു. സർക്കാരിന്റെ സമ്മർദം മൂലമാണ് വിസി നിയമനത്തിൽ അനുകൂല നിലപാടെടുത്തതെന്ന ഗവർണറുടെ വാദത്തെ സാധൂകരിക്കുന്നതാണ് മന്ത്രിയുടെ കത്ത്. നിയമനത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഗവർണർ പറയുമ്പോൾ അതിന് കാരണമായത് സർക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

ഗോപിനാഥ് രവീന്ദ്രനെ വി സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാൻസലർ എന്ന നിലയ്ക്കാണ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയത്. പുതിയ വി സി.യെ കണ്ടെത്താനുള്ള സമിതിയെ പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. എന്നാൽ ചാൻസലറുള്ളപ്പോൾ പ്രോ-ചാൻസലർക്ക് സവിശേഷ അധികാരമില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇല്ലാത്ത സവിശേഷ അധികാരം ഉണ്ടെന്ന തരത്തിലാണ് ഗോപിനാഥ് രവീന്ദ്രനുവേണ്ടി മന്ത്രി ഗവർണർക്ക് കത്ത് നൽകിയതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.