കണ്ണൂർ: ഉത്തർപ്രദേശിൽ നാലു കർഷകരെ കേന്ദ്ര മന്ത്രിയുടെ മകൻ സഞ്ചരിച്ച കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചും സംഭവസ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റു ചെയ്തതിനെതിരെയും കണ്ണുരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

രാവിലെ പതിനൊന്നരയോടെ ഡി.സി.സി ഓഫിസ് പരിസരത്തു നിന്നുമാരംഭിച്ച മാർച്ച് കണ്ണുർ ഹെഡ് പോസ്റ്റ് ഓഫിസ് ഗേറ്റിനു സമീപം പൊലിസ് ബാരിക്കേഡ് വെച്ചു തടയുകയായിരുന്നു. ഇതിനു ശേഷം യുത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കർഷകർക്കു നേരെ രാജ്യം ഇതുവരെ കാണാത്ത അക്രമമാണ് നടക്കുന്നതെന്ന് റിജിൽ പറഞ്ഞു. പ്രതിഷേധിക്കുന്ന കർഷകരെ കൊല്ലുന്ന ബിജെപി നേതാക്കളുടെ തറവാട് സ്വത്തല്ല ഈ രാജ്യമെന്ന് ഓർക്കണമെന്നും റിജിൽ പറഞ്ഞു.

കർഷകരുടെ ശവമഞ്ചത്തിൽ നിന്നും വെന്തു വെണ്ണീറാകും യു.പിയിലെ യോഗി സർക്കാരെന്നും റിജിൽ പറഞ്ഞു യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുധീപ് ജയിംസ് അധ്യക്ഷനായി തുടർന്ന് ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിലെ ഗേറ്റിൽ പൊലിസ് ബാരിക്കേഡ് തള്ളി മറകടക്കാൻ ശ്രമിച്ച യുത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലിസ് പിരിച്ചുവിടുന്നതിനായി മുന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

ഇതിനു ശേഷം നഗരത്തിൽ പ്രകടനം നടത്തിയ പ്രവർത്തകർ മൃഗസംരക്ഷണ വകുപ്പ് ഓഫിസിനു മുൻപിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.നേതാക്കളായ പ്രനിൽ മതുക്കോത്ത്, സന്ദീപ് പാണപ്പുഴ, റോബർട്ട് വെള്ളർ വള്ളി തുടങ്ങിയവർ നേതൃത്വം നൽകി.