ന്യൂഡൽഹി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞ ദുരൂഹ മരണം തന്റെ സഹോദരന്റേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. സഹോദരന്റെ മരണത്തിൽ കുടുംബത്തിന് സംശയങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുവർഷം മുമ്പുള്ള മരണത്തെക്കുറിച്ച് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അമിത് ഷായുടെ കയ്യിൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്തട്ടേയെന്നും അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകട്ടെയെന്നും റസാഖ് പറഞ്ഞു.

സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും പിണറായിയോടുള്ള അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങളിൽ ഏറ്റവും ചർച്ചയാകുന്നത് സാക്ഷിയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യമാണ്. സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം. വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ മരണത്തെ കുറിച്ച് ഇതുവരെ ആരോപണം ഉയർന്നിരുന്നില്ല. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോൾ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നായിരുന്നു അമിത് ഷായുടെ വിശദീകരണം.

രാജ്യത്തിന്റെ അഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ ഈ ആരോപണം ഉന്നയിച്ചത്. ഇനി ഇതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അമിത് ഷാ വെറുതെ ആരോപണം ഉന്നയിക്കില്ല. സ്വർണക്കടത്തിലെ ദുരൂഹമരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മറുപടിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ട് റാസാഖ് വീണ്ടും രംഗത്തുവന്നത്.

അമിത്ഷാ ഉദ്ദേശിച്ച ദുരൂഹ മരണം ഇടതു എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റേതാണെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും പ്രചരിപ്പിക്കുന്നത്. കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകൻ അപ്പക്കാട്ടിൽ അബ്ദുൽ ഗഫൂർ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നിൽ ഗൂഢാലോചന എന്തെങ്കിലും ഉണ്ടന്ന ആരോപണം അന്നുയർന്നിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. കൊടുവള്ളി മാഫിയയ്ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന ആക്ഷേപം അന്നുയർന്നിരുന്നു.

രണ്ടര വർഷം മുമ്പ് വയനാട്ടിൽ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എൻ.ഐ.എയ്ക്ക് വിശാദാംശങ്ങൾ തേടിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷണംനടന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂർ സ്വർണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെടെയുള്ളവരുമായി കൈകോർത്തത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകിയതും.

ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുൻ കൈയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജൻസികൾക്കു അന്ന് ലഭിച്ച വിവരം. സംഘത്തിന്റെ നേതൃത്വം പിന്നീട് ഇദ്ദേഹം ഏറ്റെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കൊടുവള്ളിയിലെ എംഎൽഎയുടെ സഹോദരന്റെ മരണത്തിൽ ദുരൂഹത നിറയുന്നത്. കൊടുവള്ളിയാണ് സ്വർണ്ണ കടത്തിന്റേയും ഹവാല ഇടപാടുകളുടേയും കേന്ദ്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പുലർച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടിൽ നിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ കാറിൽ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂർ മരിച്ചിരുന്നു. അതേസമയം തന്റെ സഹോദരന്റേത് അപകട മരണമാണ് എന്നായിരുന്നു കാരാട്ട് റസാഖ് പ്രതികരിച്ചതും. എന്നാൽ, ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി ദൂരുഹ മരണത്തെ കുറിച്ച് പറയുമ്പോൾ ഈ അപകട മരണമാണ് വീണ്ടും സജീവ ചർച്ചയിൽ നിറയുന്നത്.