കോഴിക്കോട്: കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിക്കുകയും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരുവോട്ട് പോലും കിട്ടാതെ പോയ സംഭവം പരിശോധിക്കുമെന്ന് സിപിഎം. കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും. കർശനമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ. ഇതിന് പിന്നാലെ സിപിഎമ്മിൽ പ്രദേശികമായി അച്ചടക്ക നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്.

കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാർത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചതാണ്.

ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നതാണ്. ഫൈസലിനെ പിന്തിരിപ്പിക്കാൻ ഇടതു മുന്നണി നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും മൽസരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അവസാനനിമിഷം വരെയും ഫൈസലിനോട് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു ഇടത് നേതൃത്വം. അവസാനം പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഫൈസലെത്തി പത്രിക സമർപ്പിച്ചത്.

ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്ലക്സ് ബോർഡുകളും എല്ലാം തയ്യാറായ ശേഷമാണ് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ സ്ഥാനാർത്ഥിയാക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഫൈസലിനോട് പിന്മാറാൻ നിർദ്ദേശിച്ചിരുന്നു. പിടിഎ റഹീം എംഎൽഎ അടക്കം ഫൈസലുമായി ചർച്ച നടത്തുകയും ചെയ്തിീരുന്നു. കൊടുവള്ളിയിലെ സാധാരണ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഫൈസൽ പറഞ്ഞത്.

4 വർഷം മുമ്പ് കരിപ്പൂർ വഴി സ്വർണം കടത്തിയ കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. ഈ കേസിൽ വലിയ തുക കസ്റ്റംസ് ഫൈസലിന് പിഴ ശിക്ഷ നിർദ്ദേശിച്ചിരുന്നു. കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപിന്റെ ഭാര്യയുടെ മൊഴിയനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫൈസലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.