ന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽ. മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചാൽ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽനിന്ന് ഒളിച്ചോടാൻ സാധ്യതയുണ്ടെന്ന് സർക്കാർ സുപ്രീകോടതിക്ക് മുമ്പാകെ എഴുതിനൽകിയ വാദങ്ങളിൽ ആരോപിക്കുന്നു. അദ്ദേഹം കേരളത്തിൽ എത്തിയാൽ ഒളിവിൽ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.

പാക്കിസ്ഥാനിലെ ഇസ്‌ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമായി സമീപകാലത്ത് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരക്കാരുമായി മഅ്ദനി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് കർണാടക ആഭ്യന്തര വകുപ്പ് ആരോപിക്കുന്നു. മഅ്ദനിയുടെ അപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

അതേസമയം, കർണാടക സർക്കാറിൻേറത് വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ആരോപിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ മഅ്ദനിക്കെതിരെ കേസുണ്ടെന്നത് ഉൾപ്പടെ നിരവധി അസത്യങ്ങളാണ് കർണാടക കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസുകളാണ് ഇളവ് ഒഴിവാക്കാനായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു.

ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൽ നാസർ മഅ്ദനിയുടെ അപേക്ഷ. കഴിഞ്ഞയാഴ്ച ഈ അപേക്ഷ പരിഗണിക്കുന്നതിനിടെ, മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞിരുന്നു.

എന്നാൽ ഈ വാദം ഖണ്ഡിച്ച മഅ്ദനിയുടെ അഭിഭാഷകൻ 2014ൽ ജാമ്യം ലഭിച്ച ശേഷം അദ്ദേഹത്തിനെതിര ഒരു പരാതി പോലുമില്ലെന്ന് പ്രതികരിച്ചപ്പോൾ അതറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെയുടെ മറുപടി. കേരളത്തിൽ പോകാൻ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതാണെന്ന് അഭിഭാഷകൻ രണ്ടാമതും ഖണ്ഡിച്ചപ്പോഴും അറിയാം എന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.

ഇതിനിടെ താൻ അബ്ദുൽ നാസർ മഅ്ദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ സംശയം പ്രകടിപ്പിച്ചു. അതോടെ അക്കാര്യം പരിശോധിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ട് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റുകയായിരുന്നു.

കേസിൽ 2014 ൽ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ബെംഗളൂരുവിൽ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടിയിരുന്നു.

ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാൻ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. കൊല്ലത്തെ ആശുപത്രിയിൽ മികച്ച ചികിത്സയും ചെലവ് കുറവാണ് തുടങ്ങിയ വസ്തുതകളാണ് ഹർജിയിൽ മഅ്ദനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.