ബെംഗളൂരു: ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിൽ വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു. കുടകിൽ 30 വിദ്യാർത്ഥികളും ശിവമോഗയിൽ 13 വിദ്യാർത്ഥികളുമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. പത്താംക്ലാസ് ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ പരീക്ഷകളാണ് വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചത്. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അദ്ധ്യാപകർ നിലപാട് എടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചത്.

കോടതിയുടെ ഉത്തരവ് അനുസരിക്കണമെന്ന് വിദ്യാർത്ഥിനികൾക്ക് കർണാടകയിലെ സ്‌കൂളുകൾ നേരത്തെതന്നെ നിർദ്ദേശം നൽകിയിരുന്നു. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്നാൽ അടച്ചുപൂട്ടിയ സ്‌കൂളുകൾ തിങ്കളാഴ്‌ച്ച തുറന്നപ്പോൾ ചിലർ ഹിജാബും ബുർഖയും ധരിച്ചെത്തുകയായിരുന്നു. ഇതോടെ സ്‌കൂൾ അധികൃതർ ഇടപെടുകയും ഹിജാബും ബുർഖയും അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു അനുസരിക്കാതിരുന്ന ചിലർ വീട്ടിലേക്കുതന്നെ തിരിച്ചുപോയി.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചിരുന്നു. വൻ പൊലീസ് വിന്യാസത്തിലാണ് സ്‌കൂളുകൾ ഇന്ന് തുറന്നത്. ഹിജാബും ബുർഖയും ധരിച്ചെത്തിയവരെ സ്‌കൂളുകളുടെ പ്രധാന കവാടത്തിൽ വച്ച് അദ്ധ്യാപകർ തടഞ്ഞു. ഹിജാബും ബുർഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്.

ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്റെ പേരിൽ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് നിയമസഭയിലെത്തിയത്. ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഉടൻ വാദം തുടങ്ങും.

ഹിജാബ് വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോൺഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. ഉഡുപ്പിയിൽ അടക്കം നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

കർണാടക ഹൈക്കോടതിയിലെത്തിയ ഹിജാബ് വിഷയം നിലവിൽ വിശാല ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്. ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടാൻ നിർബന്ധിതരായിരുന്നു. ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന ഒരു കൂട്ടം മുസ്ലിം പെൺകുട്ടികളാണ് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.