തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. പ്രസിഡന്റ് കെ കെ ദിവാകരൻ, സി ജോസ്, ടിഎസ് ബൈജു, ലളിതൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സിപിഎം പ്രാദേശിക നേതാക്കളാണ്. 12 ഭരണസമിതി അംഗങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. ഭരണസമിതി അംഗങ്ങൾ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അഞ്ചുവർഷത്തിനുള്ളിൽ 200കോടിരൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

2015-16 സാമ്പത്തികവർഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു കരുവന്നൂർ ബാങ്കിൽ. 2016-17ൽ നിക്ഷേപം 424 കോടിയായി. 77 കോടിയാണ് ആ വർഷം പിൻവലിച്ചത്. 2017-18ൽ നിക്ഷേപം 405 കോടിയായും അടുത്ത വർഷം 340 കോടിയായും കുറഞ്ഞു. 104 കോടിയുടെ തട്ടിപ്പുനടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തി റിപ്പോർട്ട് ചെയ്ത അവസാനത്തെ സാമ്പത്തിക വർഷം നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചു വർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്.