തൃശൂർ: പാവങ്ങളുടെ പണം കൊള്ള അടിച്ച കരുവന്നൂർ സർവ്വീസ് സഹ. ബാങ്കിന് സംസ്ഥാന സർക്കാരും സഹകരണ വകുപ്പും നൽകിയത് അവാർഡുകൾ. 2016 മുതൽ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്ന ബാങ്കിന് 2019ൽ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്‌കാരം നൽകിയെന്നതാണ് വസ്തുത. പരാതികളില്ലാതാക്കി അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണവും ശക്തമാണ്.

ആസൂത്രണത്തിലും നിർവ്വഹണത്തിലും സംസ്ഥാനത്ത് ഏറ്റവും മികച്ച നിലവാരം പുലർത്തിയ ബാങ്കിനുള്ള പുരസ്‌കാരമാണ് സഹകരണ വകുപ്പ് നൽകിയത്. മികച്ച ഇടപാടിന് റബ്കോ 2018ലും 2019ലും പുരസ്‌കാരം നൽകി. കേരളാ ബാങ്കിൽ കരുവന്നൂർ വിഷയം വിവാദമാകുമെന്നാണ് റിപ്പോർട്ട്. സിപിഎം തീരുമാനം നടപ്പാക്കേണ്ട ബാധ്യത കേരളാ ബാങ്കിനുണ്ട്. അതിനുള്ളതും രാഷ്ട്രീയ നേതൃത്വമാണ്. തട്ടിപ്പ് നടത്തിയവരിൽ നിന്ന് പണം ഈടാക്കണമെന്നും ഈടില്ലാതെ കേരള ബാങ്കിന്റെ പണം കൈമാറരുതെന്നും സഹകാരികളുടെ വിവിധ സംഘടനകളും അഭിപ്രായപ്പെടുന്നു.

എല്ലാ പരാതിക്കാർക്കും കേരളാ ബാങ്കിൽ നിന്ന് പണം കൊടുക്കാനാണ് ആലോചന. ഇതിനൊപ്പം കള്ള വായ്പകളുടെ പേരിൽ നടപടി നേരിടുന്നവർക്കും ആശ്വാസം നൽകും. ഇതിനായി 100 കോടി കേരളാ ബാങ്ക് നൽകുമെന്നാണ് സൂചന. അതിനിടെ കേരളബാങ്കിൽ നിന്ന് ഇത്രയും വലിയ തുക കൈമാറാൻ പറയുന്നതിൽ പാർട്ടിക്കുള്ളിലും ബാങ്ക് ഭരണസമിതിയിലും എതിർപ്പുണ്ട്.

ബാങ്കിന്റെ ബാധ്യതകൾ കേരള ബാങ്കിനെ ഏൽപ്പിക്കാനുള്ള നീക്കം ചട്ടവിരുദ്ധംമെന്ന വിലയിരുത്തലുമുണ്ട്. ബാധ്യതകൾ കേരള ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ തീരുമാനിച്ചത്. അടിയന്തരമായി 150 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമെന്നാണ് സർക്കാർ പറയുന്നത്. ഇത് ശരിയായ കണക്കല്ല. 400 കോടിയുടെ മുകളിൽ നിക്ഷേപകർക്ക് നൽകാനുണ്ട്. മതിയായ ഈടില്ലാതെ കേരള ബാങ്കിൽ നിന്ന് ഈ തുക കൈമാറാനാവില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതിപ്പെട്ടാൽ കേരള ബാങ്കിനെതിരെ റിസർവ്വ് ബാങ്ക് നടപടിയുണ്ടാകും. നിലവിൽ അൻപത് കോടി രൂപയോളം കരുവന്നൂർ ബാങ്കിന് കേരള ബാങ്കിൽ കടമുണ്ട്. ഇത് തന്നെ മതിയായ ഈടില്ലാതെയാണ് നൽകിയത്. ഈ സാഹചര്യത്തിൽ കേരള ബാങ്കിന് ചട്ടവിരുദ്ധമായി ഇനിയും വലിയ തുക നൽകാനാവില്ല.

കേരള ബാങ്കിന്റെ അടിത്തറ ദുർബലമാക്കുന്ന നീക്കമാണിതെന്നും റിസർവ്വ് ബാങ്ക് നടപടി ക്ഷണിച്ചുവരുത്തുന്നതാണെന്നും ജനറൽ മാനേജർമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ നിർദ്ദേശമൊന്നും വന്നിട്ടില്ലെന്നും അങ്ങനെയൊരു നിർദ്ദേശം വന്നാൽ അതനുസരിക്കുമെന്നുമാണ് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന്റെയും വൈസ് ചെയർമാൻ എം.കെ. കണ്ണന്റേയും നിലപാട്. ഇരുവരും സിപിഎം നോമിനികളാണ്.