കണ്ണൂർ: കേരളത്തെ കലാപഭൂമിയാക്കാൻ യു.ഡി.എഫ് കക്ഷികളും ആർ.എസ്.എസും ചേർന്ന് ശ്രമിക്കുകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഇടതുസർക്കാരിനെതിരെ മതവികാരമുണർത്തി പള്ളികൾ കേന്ദ്രീകരിച്ച് സംഘർഷമുണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് കാസിം പറഞ്ഞു.

അതേസമയം, ആർ.എസ്.എസും മറ്റ് തീവ്രവാദ സംഘടനകളും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അരുംകൊലകളിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കാസിം പറഞ്ഞു. തലശ്ശേരിയും ഇരിട്ടിയുമുൾപ്പെടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ആർ.എസ്.എസ് ഉയർത്തുന്നതിന് പിന്നിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പിന്തുണയുണ്ടാവുമെന്നും കാസിം പറഞ്ഞു.

നേരത്തെ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളിൽ സർക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് പറഞ്ഞിരുന്നു. എന്നാൽ വിമർശനമുയർന്നതോടെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഇത് തിരുത്തിപറയുകയായിരുന്നു.

പള്ളികളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്ലിം സംഘടനകളുടേതായിരുന്നുവെന്നും കൺവീനർ എന്ന നിലയിലാണ് താൻ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പി.എം.എ. സലാം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന് വന്നതിനു പിന്നാലെ പള്ളികളിൽ സർക്കാരിനെതിരെ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.