ന്യൂഡൽഹി: നൃത്ത വിദ്യാലയത്തിൽ വച്ച് തന്റെ വിദ്യാർത്ഥികളിലൊരാളായ യുവതിയെ പീഡിപ്പിച്ച നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. 53 കാരനായ കഥക് കലാകാരനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് നൃത്ത അദ്ധ്യാപകൻ യുവതിയെ പീഡിപ്പിച്ചത്. തിങ്കളാഴ്ച യുവതി പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ച അന്ന് തന്നെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതായി ഡൽഹി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദീപക് യാദവ് പറഞ്ഞു. ഇയാൾ മറ്റ് വിദ്യാർത്ഥികളെയും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ദീപക് യാദവ് വ്യക്തമാക്കി

പീഡനത്തിനരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. നൃത്ത വിദ്യാലയത്തിലെത്തി തുടക്ക സമയത്ത് തന്നെ അദ്ധ്യാപകൻ മോശമായി പെരുമാറാൻ ശ്രമിച്ചിരുന്നു. അന്ന് തന്നെ ഇയാളുടെ ശ്രമങ്ങളെ ചെറുത്തു, എന്നാൽ ഞായറാഴ്ച മറ്റ് വിദ്യാർത്ഥികളില്ലാത്ത തക്കം നോക്കി അദ്ധ്യാപകൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.