തൃശൂർ: തൃശ്ശൂർ കാട്ടൂർക്കടവിൽ ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. നന്താനത്ത് വീട്ടീൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിൽ പ്രതിയായ ഹരീഷും ഗുണ്ടാസംഘത്തിൽ പെട്ട മറ്റുള്ളവരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്നായിരുന്നു കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമികനിഗമനം. എന്നാൽ, ലക്ഷ്മിയെ ലക്ഷ്യമിട്ടുതന്നെയാണ് ഗുണ്ടാസംഘം എത്തിയതെന്നുള്ള നിർണായക വിവരമാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഹരീഷിനെ അക്രമിക്കാനായി നാലംഗ സംഘം വീടിന് പരിസരത്ത് കാത്തിരുന്നു. ഈ സമയത്ത് ലക്ഷ്മി ഇതറിയാതെ ഹരീഷിനെ ഫോണിൽ വിളിച്ച് തർക്കമുണ്ടായ പ്രതികളിലൊരാളെ കൊലപ്പെടുത്തുന്ന കാര്യം സംസാരിച്ചു. കഞ്ചാവ് ലഹരിയിലായിരുന്ന പ്രതികൾ ലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതരയോട് കൂടി വീടിന് നേരെ പന്നിപ്പടക്കം എറിഞ്ഞ ശേഷമാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഹരീഷ് കഞ്ചാവ് ലോബിയുടെ ആളാണ്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ലക്ഷ്മിയും ഇത്തരം കേസുകളിൽ ഇടപെട്ടിരുന്നു എന്നതാണ് ഇപ്പോൾ സംശയം ഉയരുന്നത്. ലക്ഷ്മി വീട്ടിൽ തനിച്ചുള്ള സമയം നോക്കി ആസൂത്രിതമായാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്ന ആളും ഹരീഷും തമ്മിൽ മുമ്പ് തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസിൽ ലക്ഷ്മി ഇടപെടലുകൾ നടത്തിയോ എന്നാണ് ഇപ്പോൾ സംശയമുയരുന്നത്. സംഘത്തിന് ഹരീഷിനെ ടാർഗറ്റ് ചെയ്യണമെങ്കിൽ അതിന് എളുപ്പത്തിൽ കഴിയുമായിരുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. എന്നാൽ, ഇവർ ലക്ഷ്മിയെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

വെട്ടേറ്റ് കിടന്ന ലക്ഷ്മിയെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. ഗുണ്ടാ കുടിപ്പകകൾ കേരളത്തിൽ ഇതിനു മുമ്പ് സംഭവിച്ചിട്ടുണ്ടെങ്കിലും കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയെ ലക്ഷ്യം വച്ച് ആക്രമണം നടക്കുന്നത് ആദ്യമായാണ്. കേരളത്തിൽ പെൺഗുണ്ടകളുണ്ട് എന്ന് മുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഭർത്താവ് കുറ്റവാളിയാണെങ്കിലും ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുന്നത് ആദ്യസംഭവമാണ്. ഹരീഷ് നടത്തിയ ക്രമിനൽ കുറ്റങ്ങൾക്കെല്ലാം നിഴൽ പോലെ ലക്ഷ്മിയും ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ വിലയിരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഉൾപ്പടെയുള്ളവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ലക്ഷ്മിയുടെ സംസ്‌കാരം ഇന്ന് നടക്കും.

ഞായറാഴ്‌ച്ച രാത്രി 10 മണിക്കാണ് സംഭവം. പ്രദേശവാസിയും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയുമായ ദർശന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വീട്ടിലേക്ക് നാടൻ ബോംബെറിഞ്ഞ ശേഷം മാരകയുധങ്ങളുമായെത്തി ലക്ഷ്മിയെ വെട്ടിക്കൊന്നത്.

ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മിയുടെ ഭർത്താവ് ഹരീഷു ദർശനുമായി വാക്കേറ്റവും സംഘട്ടനവും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കാട്ടൂർ പൊലീസ് കേസും എടുത്തു.ഇതോടെ ഹരീഷ് ഒളിവിൽപ്പോയി. ഈ സമയത്ത് ലക്ഷ്മി തനിച്ചായിരുന്നു വീട്ടിൽ. അക്രമികൾ മുറ്റത്ത് നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ ലക്ഷ്മി ദർശനനെയും സംഘത്തെയും കണ്ട് രക്ഷപ്പെടാനായി ഓടി. എന്നാൽ അക്രമികൾ ലക്ഷ്മിയെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ദർശൻ കുപ്രസിദ്ധഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപ്രയാർ ഭാഗത്ത് താമസിച്ചിരുന്ന ഹരീഷും കുടുംബവും എതാനും വർഷം മുമ്പാണ് കാട്ടൂരിലേക്ക് താമസം മാറിയത്.

സ്ത്രീകൾക്കുപോലും രക്ഷയില്ലാതെ ഗുണ്ടകളുടെ വിള നിലമായി മാറുകയാണ് തൃശ്ശൂർ ജില്ലയിലെ കാട്ടൂർ.പൊലീസിനു പോലും ഇതൊക്കെ കൃത്യമായി അറിയാമെങ്കിലും ഗുണ്ടസംഘങ്ങളുടെ അപ്രതീക്ഷിത അക്രമത്തിൽ പകച്ചുനിൽക്കുകയാണ് അന്വേഷണസംഘങ്ങൾ