കട്ടപ്പന: വീണ്ടും ഭായിമാർ കേരളത്തെ നടുക്കുകയാണ്. ഏഴായിരം രൂപ സംബന്ധിച്ച തർക്കം കൊലപാതകത്തിൽ എത്തുകുയാണ്. ഒപ്പമുള്ള 2 പേരെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ബസ്‌കിയാണ് പുതിയ വില്ലൻ. സഞ്ജയ്യുടെ ഏഴായിരം രൂപ ജംഷ് മറാൻഡി, ഷുക് ലാൽ മറാൻഡി, ബസന്തിയും ചേർന്ന് കൈക്കലാക്കിയെന്ന് ആരോപിച്ചായിരുന്നു ഈ ശ്രമം. പണം തിരികെ ആവശ്യപ്പെട്ടിട്ടും കൊടുക്കാൻ മൂവരും തയാറാകാതിരുന്നതോടെ അക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന ഇരുവരുടെയും കഴുത്ത് കത്തി ഉപയോഗിച്ച് അറുത്താണ് കൊലപാതകം നടത്തിയത്. പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയിലാണ് ഞായറാഴ്ച അർധരാത്രി ക്രൂര കൊലപാതകം അരങ്ങേറിയത്.

വലിയതോവാളയിലെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാൻഡി (28), ഷുക് ലാൽ മറാൻഡി (43) എന്നിവരാണു മരിച്ചത്. ഗോഡ ജില്ലയിലെ ബലതാർ സ്വദേശി സഞ്ജയ് ബസ്‌കി (30) പിടിയിലായി. ഇവർക്കൊപ്പം താമസിച്ചിരുന്ന അതിഥിത്തൊഴിലാളിസ്ത്രീ ബസന്തി(45) തലയുടെ പിൻഭാഗത്തു വെട്ടേറ്റ് ചികിത്സയിലാണ്. പൊട്ടൻപ്ലാക്കൽ ജോർജിന്റെ കൃഷിയിടത്തിലാണ് 4 പേരും ജോലി ചെയ്തിരുന്നത്. മദ്യലഹരിയിൽ പണത്തെക്കുറിച്ചുള്ള തർക്കത്തിനിടെ ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റ ബസന്തിയാണു വീട്ടുടമയെ വിവരം അറിയിച്ചത്. കെട്ടിടത്തിലെ 2 മുറികളിലായി കഴുത്തിനു കുത്തേറ്റു മരിച്ച നിലയിലാണു തൊഴിലാളികളെ കണ്ടത്. വീട്ടുടമ എത്തിയപ്പോൾ സഞ്ജയ് സ്ഥലത്തുണ്ടായിരുന്നെങ്കിലും വിവരം പൊലീസിൽ അറിയിക്കുന്നതിനിടെ ഇയാൾ കൃഷിയിടത്തിൽ ഒളിച്ചു.

ഏലച്ചെടികളുടെ കള വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. 2 മുറികളിലായാണ് ജംഷും ഷുക് ലാലും കിടന്നിരുന്നത്. ഇരുവരെയും കൊന്നശേഷം ബസന്തിക്കുനേരെയും ആക്രമണം ഉണ്ടായി. തലക്കു പിന്നിൽ സാരമായി മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഒരു കൈവിരലും അറ്റിട്ടുണ്ട്. കേരളം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സമാനതകളില്ലാത്ത കൊലപാതകം. പൊലീസിനേയും ആക്രമിച്ചാണ് പ്രതിയുടെ കീഴടങ്ങൽ. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഏലത്തോട്ടത്തിൽ നിന്ന് പിടികൂടി. പ്രതിയുടെ കത്തി വീശലിൽ ഡിവൈഎസ് പിക്കും പരിക്കേറ്റു. സാഹസികമായിരുന്നു പ്രതിയെ പിടിക്കാനുള്ള ഓർപ്പറേഷൻ.

സർക്കാർ സംവിധാനങ്ങൾ ഒന്നും അറിയാത്ത വിധമാണ് ഈ സംഘം കേരളത്തിൽ താമസിച്ചിരുന്നു. അടിമുടി ദുരൂഹമാണ് ഇതെല്ലാം. വലിയതോവാള പൊട്ടംപ്ലാക്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജോലി ചെയ്യാനായി ആറുമാസം മുൻപാണ് 2 പേർ എത്തിയത്. പിന്നീട് നാലുമാസം മുൻപ് രണ്ടുപേർ കൂടിയെത്തി. വീടിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയത്. നാലംഗ സംഘം ഇവിടെ ജോലി ചെയ്യുന്ന കാര്യം തൊഴിൽ വകുപ്പിലോ പൊലീസിലോ അറിയിച്ചിരുന്നില്ല. ഇത്തരത്തിൽ നിരവധി പേർ കേരളത്തിലുണ്ടെന്ന സൂചനയാണ് ഈ സംഭവവും നൽകുന്നത്.

ഷുക് ലാലിന്റെ ഭാര്യയാണ് ബസന്തിയെന്നാണ് വീട്ടുടമയോടു പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിൽ എത്തിയശേഷമാണ് ബസന്തി ഇവർക്കൊപ്പം ചേർന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവർക്കും പ്രതിക്കും നാട്ടിൽ ഭാര്യയും മക്കളും ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അർധരാത്രിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ വിവരം അറിഞ്ഞതോടെ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഡിവൈഎസ്‌പി എൻ.സി.രാജ്‌മോഹനും സംഘവും എത്തി. പ്രതി കടന്നെങ്കിലും അധികദൂരം പോകാൻ സാധ്യതയില്ലാത്തതിനാൽ കണ്ടെത്താൻ ശ്രമം ഊർജിതമാക്കി.

കമ്പംമെട്ട്, നെടുങ്കണ്ടം, തങ്കമണി, വണ്ടന്മേട്, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നു കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. റോഡുകൾ അടച്ച് പ്രതി കടക്കാനുള്ള സാധ്യത തടഞ്ഞു. ഇതിനിടെ അൻപതോളം നാട്ടുകാരും സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് കൃഷിയിടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. ഏറെനേരം നീണ്ട തിരച്ചിലിനിടെയാണ് പ്രതിയെ കണ്ടത്. വീട്ടിൽ നിന്ന് നൂറുമീറ്ററോളം മാറി ഏലക്കാടിനുള്ളിലാണ് ഇയാൾ ഒളിച്ചിരുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കയ്യിൽ കരുതിയിരുന്ന കത്തി വീശി. മൊബൈലിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ ഇയാളെ കീഴ്പ്പെടുത്തുക ശ്രമകരമായിരുന്നു. പ്രതി കത്തി വീശിയപ്പോൾ ഡിവൈഎസ്‌പിയുടെ കൈക്ക് പരുക്കേറ്റു.

ഇതിനിടെ പ്രതി ഏലക്കുഴിയിൽ വീഴുകയും ചെയ്തു. അതിനിടെ നാട്ടുകാർ വടി ഉപയോഗിച്ച് പ്രതിയുടെ കയ്യിൽ അടിച്ചു. കത്തി തെറിച്ചുപോയി. ഉടൻതന്നെ ഇയാളെ പിന്നിൽ നിന്ന് വട്ടംപിടിച്ച് നിലത്തു വീഴ്‌ത്തി കീഴ്പ്പെടുത്തുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്‌മോഹൻ, വണ്ടന്മേട് എസ്എച്ച്ഒ വി എസ്.നവാസ്, കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൻ, എസ്‌ഐമാരായ സന്തോഷ് സജീവ്, എം.ജയകൃഷ്ണൻ, ബിജു ജോസഫ്, എഎസ്‌ഐ പി.ആർ.സുനിൽ, എസ് സിപിഒമാരായ അബ്ദുൽ സലാം, ഹരികുമാർ, സിപിഒ ഇർഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: നാലുമാസമായി ഝാർഖണ്ഡ് സ്വദേശികൾ പൊട്ടൻപ്ലാക്കൽ ജോർജിന്റെ ഏലത്തോട്ടത്തിൽ പണിക്ക് എത്തിയിട്ട്. ജോർജിന്റെ വീടിനോട് ചേർന്ന കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച ടൗണിൽ പോയി തിരിച്ചുവന്ന തൊഴിലാളികൾ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനിടെ ഇവർ തമ്മിൽ പണം സംബന്ധിച്ച് വാക്തർക്കമുണ്ടായി. തുടർന്ന് മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ സഞ്ജയ് ബസ്‌കി ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് ജംഷ് മറാണ്ടിയെയും ഷുക്ക് ലാൽ മറാണ്ടിയെയും കൊല്ലുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് വാസന്തിയുടെ തലക്ക് വെട്ടേറ്റത്.

വെട്ടുകൊണ്ട വസന്തി ഓടി ഉടമ ജോർജിന്റെ വീട്ടിലെത്തി ജനലിൽ തട്ടിവിളിച്ചു. ജോർജ് വസന്തി പറഞ്ഞതുപ്രകാരം മുറിയിലെത്തി നോക്കുമ്പോൾ ഇരുവരും കൊല്ലപ്പെട്ട നിലയിലായിരുന്നു. സമീപത്ത് പ്രതി കത്തിയുമായി നിൽക്കുന്നുണ്ടായിരുന്നു. കത്തി താഴെയിടാൻ ജോർജ് ആവശ്യപ്പെട്ടെങ്കിലും പ്രതി ഏലത്തോട്ടത്തിലേക്ക് കടന്നു. ജോർജാണ് സമീപവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്.

പിന്നീട് പിടികൂടിയ പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ സ്ഥലത്തുകൊണ്ടുവന്ന് തെളിവെടുത്തു. കൊലപാതകം നടന്ന മുറി, കൊലപാതകം നടത്തിയ രീതി തുടങ്ങിയവ പ്രതി പൊലീസിനോട് വിവരിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി കോവിഡ് ടെസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.