കൊച്ചി: രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കാക്കനാട്ടെ ആയിഷയുടെ ഫ്ളാറ്റിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇന്ന് രാവിലെയാണ് കവരത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുൻകൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷ സുൽത്താന പ്രതികരിച്ചു.

സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് ഐഷ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നൽകിയത്. നേരത്തെ കേസിൽ ആയിഷയെ ലക്ഷദ്വീപിൽ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ, ഐഷയ്ക്ക് പിന്നിൽ ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

ഐഷയെ രണ്ടു തവണ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം കൂടുതൽ നിയമവശങ്ങൾ പരിശോധിച്ച ശേഷമാണ് കവരത്തി പൊലീസ് കൊച്ചിയിൽ എത്തിയത്. നേരത്തേ, ഐഷക്കെതിരായ രാജ്യദ്രോഹക്കേസിൽ അന്വേഷണം പ്രാരംഭഘട്ടത്തിലായതിൽ കേസ് റദ്ദാകാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുൽത്താന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ് കേസ് സ്റ്റേ ചെയ്യാൻ ആകില്ലെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണത്തിനായി ഇനിയും സമയം കൊടുക്കേണ്ടതായി വരും.

ലക്ഷദ്വീപ് സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഐഷ സുൽത്താനയുടെ ഹർജിയിലെ ആവശ്യം.