കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാവ്യ മാധവനിൽ നിന്ന് മാഡത്തെ കുറിച്ച് വ്യക്തത വരുമെന്ന് ക്രൈംബ്രാഞ്ച്. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലുള്ള കാവ്യ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് അറിയുന്നത്. പൊലീസ് ക്ലബ്ബിലാകും കാവ്യ എത്തുകയെന്നാണ് സൂചന. അതിനിടെ മറ്റൊരു സുരക്ഷിത കേന്ദ്രം ചോദ്യം ചെയ്യലിന് കാവ്യ നിർദ്ദേശിക്കുമെന്നും സൂചനയുണ്ട്. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ഇത്.

കാവ്യയ്ക്ക് ചോദ്യം ചെയ്യലിന്റെ സ്ഥലം നിർദ്ദേശിക്കാമെന്ന് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരിടം കാവ്യ മുമ്പോട്ട് വയ്ക്കുക. പുറത്തു വന്ന ശബ്ദരേഖകളിൽ വ്യക്തത വരുത്താനാകും ക്രൈംബ്രാഞ്ച് ശ്രമിക്കുക. കേസിന്റെ തുടക്കം മുതൽ ദിലീപിനെ പ്രതി ചേർത്ത് വന്നിരുന്ന വാർത്തകൾക്കിടെ പലപ്പോഴും കാവ്യയുടെ പങ്കും ചർച്ചയായിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ കാവ്യയെ പ്രതിയാക്കുന്നതും പരിഗണിച്ചു. എന്നാൽ പിന്നീട് സാക്ഷിയാക്കി. വിചാരണ അവസാന ഘട്ടത്തിൽ എത്തുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ എത്തിയത്. അതിന് ശേഷം ശബ്ദരേഖ പലതു വന്നു.

ഇപ്പോൾ അന്വേഷണ സംഘം കാവ്യയെ സംശയ നിഴലിൽ നിറുത്തിയിരിക്കുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനാകും കാവ്യ മറുപടി നൽകേണ്ടി വരുക. കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നു. ദിലീപിന്റെ സ്ത്രീ പരാമർശംസംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചതാണ് താൻ ശിക്ഷയനുഭവിക്കാൻ കാരണമെന്ന് ദിലീപ് പറയുന്നു.

സുഹൃത്ത് ബൈജുമായി ദിലീപ് നടത്തിയതാണ് ഈ സംഭാഷണം. ഇതിലെ സ്ത്രീ കാവ്യയാണോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ശബ്ദ രേഖ തന്റേതല്ലെന്ന് ദിലീപ് നിഷേധിച്ചിട്ടുമുണ്ട്. എന്നാൽ ഈ സംഭാഷണം ദിലീപിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് കിട്ടുകയും ചെയ്തു. ഇത് ആരോ അയച്ചു നൽകിയതാണെന്ന് ദിലീപ് പറയുന്നു. ഈ സംഭാഷണം വളരെ നേരത്തെ പുറത്തു വന്നതാണ്. ഇതെല്ലാം ദിലീപിന്റെ കേസിൽ പങ്കില്ലെന്ന വാദം ശക്തമാക്കും. എന്നാൽ ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. കാവ്യയിൽ നിന്ന് കിട്ടുന്ന മറുപടി അതുകൊണ്ട് തന്നെ നിർണ്ണായകമാകും.

സുനി പറഞ്ഞ മാഡംമാഡം സിനിമാമേഖലയിൽ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. മാഡത്തിന് പങ്കില്ലെന്ന് സുനി പിന്നീട് പറഞ്ഞു. മാഡം കാവ്യയാണെന്ന് സംശയമുണ്ട്. പത്മസരോവരം വീട്ടിൽവച്ച് ദിലീപുൾപ്പടെ ആറംഗസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യയുമുണ്ടായിരുന്നു. ശരത്തിനെ ഇക്കയെന്ന് വിളിച്ചതും കാവ്യയാണ്. സാഗറിന്റെ മൊഴിമാറ്റംനടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യസാക്ഷി സാഗർ.

പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി സാഗർ മൊഴി നൽകി. സാഗർ പിന്നീട് മൊഴിമാറ്റിയത് കാവ്യയുടെ സ്വാധീനത്താലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും ആപ്പുഴയിലെ റിസോർട്ടിൽ താമസിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനും കാവ്യാ മാധവനും എതിരെയാണ് ക്വട്ടേഷൻ എന്ന വാദവുമായി നിർമ്മാതാവ് സജി നന്ത്യാട്ട് രംഗത്തു വന്നു. ദിലീപിനെ കാവ്യ വിവാഹം കഴിച്ചതിൽ പ്രശ്‌നമുള്ളവർ കാവ്യയ്ക്കും ദിലീപിനും എതിരെ ക്വട്ടേഷൻ കൊടുത്തതാണ് എന്നും സജി നന്ത്യാട്ട് പറയുന്നു.

സജി നന്ത്യാട്ടിന്റെ വാക്കുകൾ: ''കാവ്യയെ കുടുക്കാൻ ചെയ്തതാണ് എന്നാണ് പുറത്ത് വന്ന ശബ്ദരേഖയിൽ പറയുന്നത്. ചാലക്കുടിയിൽ ഡി സിനിമാസും എറണാകുളത്ത് ഗ്രാൻഡ് പ്രൊഡക്ഷൻസും ഉണ്ട്.. അനൂപ് താമസിക്കുന്നത് എറണാകുളത്താണ്. ഇതൊക്കെ മറികടന്ന് ലക്ഷ്യയിലേക്ക് പോയത് എന്തിനാണ്, കാവ്യയെ കുടുക്കാൻ എന്ന് സുരാജ് പറയുന്നുണ്ട്. വെറുതേ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്''. 'അഞ്ച് വർഷമായി ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ധാരാളം തെളിവുകളായെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം. നടി ആക്രമിക്കപ്പെട്ടത് മുതൽ ഈ നിമിഷം വരെയുള്ള ഏക ലക്ഷ്യം കാവ്യയെ ചോദ്യം ചെയ്യുക എന്നതാണ്. കേസിന്റെ അടിസ്ഥാന കാരണം ദിലീപും കാവ്യയും തമ്മിലുള്ള വിവാഹമാണ്. കാവ്യയ്ക്കും ദിലീപിനും എതിരെ ക്വട്ടേഷൻ കൊടുത്തവരുടെ ഉദ്ദേശം യഥാർത്ഥത്തിൽ ദിലീപല്ല''.

''അവരുടെ ലക്ഷ്യം കാവ്യ തന്നെയാണ്. കാരണം കാവ്യ ദിലീപിനെ വിവാഹം കഴിച്ചു അവളങ്ങനെ ഇപ്പോ ജീവിക്കേണ്ട എന്നതാണ്. പക ഇതിന് പിറകിലുണ്ട്. പല കാര്യങ്ങളും ചാനലിൽ പറയുന്നതിന് തനിക്ക് പരിമിതിയുണ്ട്. ഇതിനകത്ത് ഒത്തിരി നാടകങ്ങളുണ്ട്. ഫോണിൽ നിന്ന് നശിപ്പിക്കപ്പെട്ട രേഖകൾ തിരിച്ചെടുക്കാൻ പറ്റുമെന്ന് പറയുന്നു. പേഴ്സണൽ ചാറ്റ് കോടതിയിൽ ഹാജരാക്കാമെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്''. ''ഇതൊക്കെ ഒരു പുകമറ സൃഷ്ടിച്ച് അന്വേഷണം നീട്ടാനുള്ള ശ്രമമാണ്. സമ്മർദ്ദ രാഷ്ട്രീയമാണ് നടക്കുന്നത്. ഇനി 42 കളരിക്ക് ആശാന്മാരും വരും. കാവ്യയെ ചോദ്യം ചെയ്യുന്നതോടെ ഇതിന്റെ ക്ലൈമാക്സായി. 6 വർഷമായി കേസ് അന്വേഷിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മോശക്കാരാണെന്ന് പറയുന്നില്ല. പക്ഷേ കേസിൽ മെറിറ്റില്ല. അതുകൊണ്ട് അവർ അന്വേഷിച്ച് കൊണ്ടിരിക്കുന്നു. ദിലീപിനെ വെറുതെ വിടുക എന്ന് പറഞ്ഞാൽ അത് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിമാന പ്രശ്നമാണ്''.

''ദിലീപിനെതിരെ കൊട്ടക്കണക്കിന് തെളിവുകളുണ്ടെന്ന് പറയുന്നു. എന്നിട്ട് പിന്നെ എന്തിനാണ് അന്വേഷണത്തിന് വീണ്ടും സമയം ചോദിക്കുന്നത്. ഇത്രയും തെളിവുകളുണ്ടെങ്കിൽ അത് കോടതിക്ക് കൊടുത്ത് ജാമ്യം റദ്ദാക്കാൻ പറ. താൻ ഇവർക്ക് കയ്യടിക്കാം. പക്ഷെ അത് പറയില്ല. കാരണം സിബിഐ വരരുത്. സിബിഐ വന്നാൽ പുറത്ത് കിടന്ന് കറങ്ങുന്നവരൊക്കെ അകത്ത് കിടന്ന് കറങ്ങും''-ഇതാണ് സജി നന്ത്യാട്ടിന്റെ വാദങ്ങൾ.