കടൽതീരത്തെ രണ്ട് നില വീട് കടലെടുക്കുന്ന വീഡിയോ ഒരാഴ്‌ച്ച മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് പേർ കണ്ടതാണ്. ആ വീടിന്റെ ഉടമസ്ഥൻ പറയുന്നത് ആ വീട് നിർമ്മിക്കുമ്പോൾ കടൽ ഒരു കി.മി അകലെയായിരുന്നു എന്നായിരുന്നു. അതായത് ഈ കാലയളവിൽ കടൽ ഒരു കി.മി കയറിക്കഴിഞ്ഞു എന്നർത്ഥം. കേരളത്തിൽ കടൽ കയറുന്നുവെന്ന വാർത്ത വന്നിട്ട് കാലമേറെയായി. എന്നാൽ ഇതുവരെ തീരദേശത്തെ സംരക്ഷിക്കാൻ ക്രിയാത്മകമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ചെല്ലാനത്തെയും ശംഖുമുഖത്തെയുമൊക്കെ തീരദേശവാസികളുടെ ആർത്തനാദങ്ങൾ ഇതുവരെ ഭരണാധികാരികളുടെ ബധിരകർണങ്ങളിൽ എത്തിയിട്ടില്ല.

അശാസ്ത്രീയ നിർമ്മാണങ്ങൾ പ്രതിസന്ധിയിലാക്കിയ തിരുവനന്തപുരത്തെ തീരങ്ങൾ

സംസ്ഥാനത്തിന്റെ ഒമ്പത് തീരങ്ങളിൽ ഏറ്റവും ശക്തമായ തീരശോഷണം നടക്കുന്നത് തിരുവനന്തപുരത്താണ്. തമിഴ്‌നാട് സർക്കാർ തേങ്ങാപട്ടണത്ത് പൂർത്തിയാക്കിയ ഹാർബറും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി തീരത്തുനിന്നു മണൽ വാരുകയും കടലിൽ കല്ലിടുകയും ചെയ്തതുമാണ് കേരള ശാപമായതെന്ന് വിദഗ്ദ്ധർ. കടലാക്രമണം രൂക്ഷമായതോടെ തമിഴ്‌നാട് സർക്കാർ കൊല്ലങ്കോടു മുതൽ പുലിമുട്ട് നിർമ്മിച്ചു.
ഇതോടെ തിരയിളക്കം ശക്തമായി. പൊഴിയൂരും പരുത്തിയൂരും തെക്കേ കൊല്ലങ്കോടും അടക്കമുള്ള പ്രദേശങ്ങളിൽ തിരയിളക്കം ശക്തമായതോടെ മത്സ്യത്തൊഴിലാളികൾക്ക് വള്ളംപോലും കടലിലിറക്കാൻ കഴിയാത്ത അവസ്ഥ.

മുതലപ്പൊഴിയിൽ നിർമ്മിച്ച പുലിമുട്ടുകാരണം താഴമ്പള്ളിമുതൽ മാമ്പള്ളിവരെയുള്ള അഞ്ചുതെങ്ങ് പ്രദേശം മുഴുവനായും കടലെടുത്തു. ശംഖുമുഖം മുതൽ വലിയതുറ എഫ്‌സിഐ. ഗോഡൗൺ വരെയുള്ള മേഖലയിലെ 200-ൽപ്പരം വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലായി. ശംഖുമുഖത്തെ പഴയബീച്ച് കടലെടുത്തുകഴിഞ്ഞു. തിരുവനന്തപുരം എയർപോർട്ടിന്റെ ഡൊമസ്റ്റിക്ക് ടെർമിനലിന് മുന്നിലൂടെയുള്ള റോഡ് ഒലിച്ചുപോയി. കടലിൽനിന്നു കേവലം പത്തുമീറ്ററിൽ മാത്രമാണ് കാർഗോ ഷെഡിലേക്കുള്ള ദൂരം. കടലേറ്റം ഇനിയും ശക്തമായാൽ തിരുവനന്തപുരം വിമാനത്താവളം ഇനി എത്രകാലം എന്ന ചോദ്യം മാത്രമാകും മുന്നിൽ.

കൃത്രിമ ഹാർബർ ചെല്ലാനത്തെ വിസ്മൃതിയിലാഴ്‌ത്തുമോ?

എല്ലാവർഷവും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടലാക്രമണം നടക്കുന്ന മേഖലയാണ് ചെല്ലാനം. കിഴക്ക് കായലും പടിഞ്ഞാറ് കടലുമുള്ള ഈ മേഖലയിൽ സുനാമി മുതൽ ഓഖി വരെയുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യജീവിതത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. ഇക്കുറി ടൗട്ടെ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശം വിതച്ചത് ചെല്ലാനത്തായിരുന്നു.

കോവിഡിന്റെ രണ്ടാം വരവ് ചെല്ലാനത്തെ 21 വാർഡുകളെയും ശ്വാസം മുട്ടിച്ചപ്പോൾ തെല്ലും കരുണകാട്ടാതെ പ്രകൃതിയും ആടിത്തിമിർത്തു. അതിനാൽ സ്വാന്തനവാക്കുകളുമായി അധികാരവർഗവും അകന്നുനിന്നു. കൊച്ചി കപ്പൽ നിർമ്മാണശാലയിലേക്കുള്ള കപ്പൽ ചാൽ നിർമ്മിച്ചതു മുതലാണ് ചെല്ലാനം കടലോരവാസികളുടെ ഉറക്കം നഷ്ടപ്പെട്ടത്. ഓരോ വർഷവും കപ്പൽ ചാലിൽ അടിഞ്ഞുകൂടുന്ന എക്കൽമണ്ണ് നീക്കം ചെയ്യാൻ ഡ്രഡ്ജിങ് നടത്തുന്നതും വില്ലനായി മാറി.

കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമായതെന്ന് നിവാസികൾ പറയുന്നു. ഇതിന് പ്രധാന കാരണം ചെല്ലാനം തെക്ക് നിർമ്മിച്ച കൃത്രിമ ഫിഷിങ് ഹാർബറാണെന്ന് പറയപ്പെടുന്നു. 2010-ൽ നബാർഡിൽനിന്ന് 29 കോടി ചെലവഴിച്ച് നിർമ്മിച്ച ഈ ഹാർബറിന്റെ തെക്കേ പുലിമുട്ടിന് 570 മീറ്ററാണ് നീളം. വടക്കേ പുലിമുട്ടിന് 150 മീറ്റർ നീളവുമുണ്ട്. ഇവ നിർമ്മിച്ചശേഷമാണ് ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായത്. ഈ പുലിമുട്ടിന്റെ തെക്കുള്ള തീരത്ത് മണ്ണ് അടിയുന്നുണ്ട്.

ചെല്ലാനത്തെ മണ്ണാണ് തെക്കേ തീരത്ത് നിക്ഷേപിക്കപ്പെടുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്രിമ ഹാർബർ ചെല്ലാനത്തെ മത്സ്യബന്ധനത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ നിർമ്മാണത്തിനു പിന്നിലെ അശാസ്ത്രീയത സമ്മാനിക്കുന്ന ദുരന്തത്തെപ്പറ്റി ആരും മുൻകൂട്ടി പഠിച്ചില്ലെന്നുള്ളതാണ് പ്രധാന പ്രശ്നം. എറണാകുളം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡ് പോലും കടലാക്രമണത്തിന് വഴിതെളിക്കുന്നെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യനിർമ്മിതമായ ദുരന്തങ്ങളുടെയും ഇരയാണ് ചെല്ലാനത്തെ സാധുമനുഷ്യർ. ചെല്ലാനത്തെ സംരക്ഷിക്കാൻ കോടികൾ ചെലവഴിച്ച് ഇതുവരെ നടപ്പാക്കിയ കടൽഭിത്തികളും ജിയോബാഗുകളും ചുഴലിക്കാറ്റ് കൊണ്ടുപോയതോടെ ആകെയുള്ള രക്ഷാകവചവും നഷ്ടമായി.

വിഴിഞ്ഞം വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവിടങ്ങളിലെ കടൽകയറ്റം മനുഷ്യന്റെ അശാസ്ത്രീയമായ നിർമ്മിതികളുടെ ബാക്കിപത്രമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വരെയുള്ള തീരദേശമേഖല അടുത്ത പത്തുവർഷത്തിനുള്ളിൽ കടലെടുത്ത് പോയാൽ അതിശയമില്ല. കായംകുളം കായലിനും (ടി.എസ്. കനാൽ) അറബിക്കടലിനും മധ്യേ ഉദ്ദേശ്യം 25 കി.മീറ്റർ ദൂരം ശോഷിച്ച് ഇല്ലാതായെന്ന് പറയാം.

ചില മേഖലയിൽ മാത്രം അരക്കിലോമീറ്റർ വീതിയുണ്ട്. ചില സ്ഥലങ്ങളിൽ അത് 30 മീറ്ററായി ചുരുങ്ങിയിരിക്കുന്നതും കാണാം. കടൽതിര തീരം മറികടന്ന് കായലിൽ പതിക്കുന്ന കാഴ്ച ഈ തീരഭൂമിയുടെ ശോഷണത്തിന്റെ ഭീകരത കാട്ടിത്തരുന്നു. 2004 ഡിസംബർ 26ന് സുനാമി ആഞ്ഞടിച്ചപ്പോൾ ഇവിടെയുണ്ടായ ദുരന്തം തീരശോഷണം മൂലമാണ്. 1970 കാലഘട്ടത്തിൽ രണ്ടു കിലോ മീറ്ററിൽ അധികം വീതിയുണ്ടായിരുന്നു ഈ പ്രദേശത്തിന്. ഇവിടെയുള്ളവരുടെ കൈവശം ഏക്കറുകണക്കിന് ഭൂമിയുടെ ആധാരമുണ്ട്. പക്ഷേ, ഭൂമി എല്ലാം കടൽ എടുത്തു. ആധാരം മാത്രം ബാക്കിയുണ്ട്.