തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ 13 സീറ്റുകളിൽ എങ്കിലും മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. സീറ്റു വിഭജന ചർച്ചകളുടെ രണ്ടാം ഘട്ടത്തിലേക്ക് എൽഡിഎഫിലെ മുന്നണികൾ എത്തിക്കഴിഞ്ഞു. മുന്നണിയിൽ 15 സീറ്റുകൾ വേണമെന്ന ആവശ്യമാണ് കേരളാ കോൺഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. സീറ്റ് ചർച്ചകൾക്ക് തുടക്കമിട്ടെന്ന് ജോസ് കെ മാണി അറിയിച്ചു. പാർട്ടിയുടെ നിർദ്ദേശം അവതരിപ്പിച്ചു. അതേസമയം വിട്ടുവീഴ്‌ച്ച വേണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. 10 സീറ്റുകൾ നൽകാനാണ് ഇടതു മുന്നണിയുടെ ആലോചന. എന്നാൽ, 13 സീറ്റുകൾ കൂടിയേ തീരൂ എന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെടുന്നത്.

കേരള കോൺഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാർട്ടിയുടെ ശക്തി വർധിച്ചതുമായ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി പിന്നീട് അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള സിപിഎം-കേരള കോൺഗ്രസ് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ജോസ് കെ.മാണി, റോഷി അഗസ്റ്റിൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

'കേരള കോൺഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഎം നേതാക്കളുമായി ചർച്ച നടത്തി. കേരള കോൺഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോൾ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകൾ ഇപ്പോൾ പല പാർട്ടികളിൽ നിന്നായി പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങൾ ഞങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.' ജോസ് കെ.മാണി പറഞ്ഞു.

വളരെ പോസറ്റീവായിട്ടാണ് ചർച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു. ന്യായമായ കാര്യങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എത്ര സീറ്റുകൾ തങ്ങൾ ചോദിച്ചുവെന്നതിന് ഉത്തരം നൽകിയില്ല. മറ്റു പാർട്ടികളുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ ധാരണയാകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

സിപിഐയുടെ കൈവശമുള്ള കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ കൂടി വേണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് സീറ്റ് ജോസ് കെ മാണിക്ക് നൽകാമെന്നാണ് എൽഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐയിൽനിന്നെടുത്ത് നൽകാമെന്നാണ് സിപിഐഎം ജോസ് കെ മാണിക്ക് നൽകിയിട്ടുള്ള വാഗ്ദാനം. ഇക്കാര്യം പാർട്ടി സിപിഐയോട് ആവശ്യപ്പെടുകയും സിപിഐ സമ്മതമറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.

കൂടുതൽ സീറ്റുകളിലേക്ക് ചർച്ചകൾ നീങ്ങിയാൽ സിപിഎം നിലപാട് കടുപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസം തുടരാൻ ജോസിന്‌റെ ശക്തി തിരിച്ചറിഞ്ഞുള്ള സീറ്റുകൾ നല്കാനും സാധ്യതയുണ്ട്. സിപിഐയുമായുള്ള ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം ജനാതാദൾ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായാണ് എൽഡിഎഫ് ചർച്ച. കഴിഞ്ഞ തവണ കൂടുതൽ സീറ്റുകളിൽ മത്സരിച്ച ജനാധിപത്യ കേരളാ കോൺഗ്രസിന് ഇക്കുറി രണ്ട് സീറ്റുകൾ മാത്രമാകും നൽകുക.