ന്യൂഡൽഹി: കേവല രാഷ്ട്രീയത്തിന്റെ പേരിൽ പാർലമെന്റിൽ വൻ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാർ. ഇതിന്റെ പേരിൽ നിരവധി മലയാളി എംപിമാർക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാൽ, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിൽ ചർച്ച വന്നപ്പോൾ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയർമാൻ ചോദിക്കുകയും ചെയത്ു.

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയിൽ രാവിലെ കർഷകരുടെ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയിരുന്നു. കോൺഗ്രസ്, ഇടത്, യുപിഎ അംഗങ്ങൾ ഇറങ്ങിപ്പോയപ്പോൾ കേരളത്തിൽ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ആന്ധ്രയിലെ വെള്ളപ്പൊക്കത്തെപ്പറ്റി ചർച്ച ചെയ്യുകയാണെന്നും ദക്ഷിണേന്ത്യയിലെ പ്രളയ നഷ്ടം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണെന്നും നായിഡു പറഞ്ഞു. ആന്ധ്രയിലും തെലങ്കാനയിലും കർണാടകയിലും തമിഴ്‌നാട്ടിലും മാത്രമല്ല, കേരളത്തിലും പ്രളയക്കെടുതിയുണ്ടായി. എന്നാൽ അതു പറയാൻ ആരെയും ഇവിടെ കാണുന്നില്ല വെങ്കയ്യ നായിഡു പറഞ്ഞു.

അതിനിടെ രാജ്യസഭാ ംപിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുൾപ്പെടെയുള്ള 12 എംപിമാരെയാണ് ഈ സമ്മേളന കാലത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

എംപിമാരായ ഫുലോ ദേവി നേതം, ഛായാ വർമ്മ, റിപുൺ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിങ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെൻ, ശാന്താ ഛേത്രി, പ്രിയങ്കാ ചതുർവേദി, അനിൽ ദേശായ് എന്നിവരാണ് സസ്പെൻഷനിലായത്. ആഗസ്റ്റിലെ വർഷകാല സമ്മേളനത്തിൽ ഇൻഷ്വറൻസ് ബിൽ ചർച്ചയ്ക്കിടെ മാർഷൽമാരുമായുള്ള കൈയേറ്റത്തിന്റെ പേരിലാണ് എംപിമാരെ നടപ്പു സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

സഭയുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന തരത്തിൽ അംഗങ്ങൾ പെരുമാറിയെന്നാണ് ഉത്തരവിൽ പറയുന്നത്. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭാ മാർഷൽമാരാണ് കഴുത്തിന് പിടിച്ചുവെന്ന പേരിൽ അദ്ധ്യക്ഷന് പരാതി നൽകിയിരിക്കുന്നത്. അതേസമയം, പാർലമെന്റിന്റെ ഇരുസഭകളിലും നാളെ ഹാജരാകുമെന്ന് എളമരം കരീം പറഞ്ഞു. കർഷകപ്രശ്‌നങ്ങളും എംപിമാരുടെ സസ്പെൻഷനും സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.