തിരുവനന്തപുരം: പിണാറായി സർക്കാറിന്റെ അവസാന ഭരണകാലത്ത് നടക്കുന്ന കടുംവെട്ടുകളെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കയാണ്. ഇക്കൂട്ടത്തിലേക്ക് ഒരു വാർത്ത കൂടി എത്തി. കോർപ്പറേറ്റുകൾക്കെതിരെ എന്ന നിലപാട് സ്വീകരിക്കുന്ന ഇടതു മുന്നണി തന്നെ അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപകമ്പനിക്ക് വേണ്ട്ി കോടികളുടെ ഇളവു ചെയ്തു കൊടുത്തു എന്നതാണ് പുറത്തുവരുന്ന വിവരം. വ്യവസായ വകുപ്പിന് കീഴിലെ കമ്പനിയാണ് പാട്ടത്തിന് കൊടുത്ത ഭൂമിയുടെ പേരിൽ സർക്കാറിന് ലഭിക്കേണ്ടി 6.32 കോടിയുടെ എഴുതി തള്ളിയത്.

വ്യവസായ വകുപ്പിനു കീഴിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന്റെ (ടിസിസിഎൽ) ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിനു നൽകിയ വകയിൽ സർക്കാരിനു ലഭിക്കേണ്ടിയിരുന്ന തുകയാണ് ഇത്. ഡിസംബറിൽ നടന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനിയായ ബിഎസ്ഇഎസ് കേരള പവർ ലിമിറ്റഡിനാണ് (ബികെപിഎൽ), ടിസിസിഎൽ 20 ഏക്കർ ഭൂമി പാട്ടത്തിനു നൽകിയത്. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ, 2017 നവംബർ 13 ന് ചേർന്ന യോഗത്തിലായിരുന്നു റിലയൻസിന് അനുകൂലമായ തീരുമാനം. അതായത് സർക്കാർ തലത്തിൽ അറിഞ്ഞു കൊണ്ടെടുത്തു തീരുമാനമാണ് ഇതെന്ന് വ്യക്തം.

ടിസിസിഎൽ എംഡിയെ മാറ്റിനിർത്തിയ യോഗത്തിൽ, വ്യവസായ വകുപ്പ് ഉന്നതന്റെ നോമിനിയായി പിൻവാതിലിലൂടെ നിയമിതനായ വ്യക്തിയാണു കമ്പനിയെ പ്രതിനിധീകരിച്ചതെന്നാണ് ആരോപണം. ഇദ്ദേഹമാണ് ഈ എഴുതി തള്ളൽ ഇടപാടിന് ചുക്കാൻ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ കണ്ണായ ഭൂമിയാണ് ടിസിസിഎൽ റിലയൻസിന്റെ ഉപകമ്പനിക്ക് പാട്ടത്തിന് കൊടുത്തിരുന്നത്. എറണാകുളത്തെ 20 ഏക്കർ ഭൂമിയാണ് ടിസിസിഎൽ 1997 മാർച്ച് 31 മുതൽ 15 വർഷത്തേക്കു പാട്ടത്തിനു നൽകിയത്. വൈദ്യുതി ഉൽപാദന പ്ലാന്റ് സ്ഥാപിക്കാനായിരുന്നു ഇത്. 2014ൽ പാട്ടക്കരാർ 15 വർഷത്തേക്കു കൂടി നീട്ടി.

ഭൂമി വിലയുടെ 10% ആണു വാർഷിക പാട്ടത്തുക നൽകേണ്ടതെന്നും 2012 നു ശേഷമുള്ള ഓരോ 5 വർഷത്തിനിടയിലും ഭൂമിവിലയുടെ 50% കൂട്ടുമെന്നും കരാറിലുണ്ട്. ഇതു പ്രകാരം 2012 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെ 4.72 കോടിയും 2017 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ 7.09 കോടിയുമാണു പാട്ടത്തുകയായി നൽകേണ്ടത്. വീഴ്ച വരുത്തിയാൽ 18% പലിശ നൽകണം.

2016 ജൂലൈ മുതൽ പാട്ടത്തുക മുടങ്ങി. 2017 ജനുവരി 6ന് ഭൂമി ഒഴിയണമെന്നു ടിസിസിഎൽ കത്തു നൽകിയിട്ടും ബികെപിഎൽ അവഗണിച്ചു. ഈ സമയം കെഎസ്ഇബിക്കു വൈദ്യുതി നിരക്ക് ഇനത്തിൽ 180.16 കോടി രൂപ ടിസിസിഎൽ ഒടുക്കേണ്ടതുണ്ടായിരുന്നു. കുടിശിക ഒടുക്കുന്നതിനായി ടിസിസിഎല്ലിന്റെ 20 ഏക്കർ ഭൂമി കെഎസ്ഇബിക്കു കൈമാറി 2017 ഏപ്രിൽ 4ന് സർക്കാർ ഉത്തരവിറക്കി.

ഇതിനു ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ചേംബറിൽ യോഗം ചേർന്നു പാട്ടക്കുടിശികയായ 6.32 കോടി രൂപ ഒഴിവാക്കിക്കൊടുക്കാൻ തീരുമാനിച്ചത്. ടിസിസിഎൽ ചീഫ് ഫിനാൻസ് ഓഫിസർ ജിജു ഫ്രാൻസിസ്, ഡയറക്ടർ (അഡ്‌മിനിസ്ട്രേഷൻ) കെ.വിജയകുമാർ എന്നിവരാണു ടിസിസിഎല്ലിനെ പ്രതിനിധീകരിച്ചു യോഗത്തിൽ പങ്കെടുത്തത്.

അതേസമയം ഈ എഴുതി തള്ളൽ ഇടപാട് വിവാദമാകാൻ പലകാരണങ്ങളുമുണ്ട്. പാട്ടക്കുടിശിക പിരിക്കാൻ 2017 ഏപ്രിൽ വരെ അവകാശം ഉണ്ടെന്നിരിക്കെ ടിസിസിഎൽ എന്തു കൊണ്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നതാണ് ആദ്യത്തെ ചോദ്യം. ഇത് മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു എന്നത് വ്യക്തം. നിയമോപദേശം അനുകൂലമായിട്ടും 6.32 കോടി രൂപ എന്തു കൊണ്ട് ഈടാക്കാൻ യാതൊരു നടപടിയും ഉണ്ടാകാത്തത് എന്താണെന്നും സിഎജി ചോദിക്കുന്നു. തുക ഒഴിവാക്കിക്കൊടുക്കാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം അനധികൃതമാണെന്ന കണ്ടെത്തലാണ് സിഎജിക്കുള്ളത്.-