തിരുവനന്തപുരം: രണ്ടാം വരവിൽ എന്തുവില കൊടുത്തും വേണ്ടപ്പെട്ടവർക്കെതിരെയുള്ള കേസുകളൊക്കെ തീർക്കാനുറച്ച് പിണറായി സർക്കാർ. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു സ്പീക്കറുടെ അനുമതിയില്ലാതെ എടുത്ത കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

കേസ് പിൻവലിക്കാൻ സ്വതന്ത്രവും നിഷ്പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും സർക്കാർ വാദിക്കുന്നു. കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടൽ മൂലമാണ് പ്രോസിക്യൂട്ടർ ഈ തീരുമാനമെടുത്തതെന്ന് തെളിയിക്കാൻ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിയമസഭയ്ക്ക് അകത്തു നടന്ന സംഭവത്തിൽ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ സ്പീക്കറുടെ അനുമതിയില്ലാതെ, നിയമസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് കേസ് നിലനിൽക്കില്ല. എംഎൽഎമാർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. ആ അവകാശമാണ് എംഎൽഎമാർ വിനിയോഗിച്ചതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, സി കെ സദാശിവൻ എന്നീ ആറു ജനപ്രതിനിധികൾക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത്. ബാർ കോഴ വിവാദം കത്തി നിൽക്കെ, 2015 മാർച്ച് 13 നാണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നിയമസഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു.

സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അതിനിടെ കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹർജി നൽകിയിട്ടിട്ടുണ്ട്. തന്റെ വാദം കൂടി കേൾക്കാതെ, കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിൽ ചെന്നിത്തല ആവശ്യപ്പെടുന്നത്. വലിയ തോതിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടെന്നും, നിയമസഭയെ പൊതുജനമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാർ അധികാരത്തിൽ വന്നതിന് പിറകെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്. എന്നാൽ സർക്കാർ നീക്കം തിരുവനന്തപുരം കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് റദ്ദാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതിയും നിരസിച്ചു. ഇനി എന്തുവന്നാലും കേസ് പിൻവലിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ്. അതിന്റെ ഭാഗമാണ് സുപ്രീംകോടതിയിലെ അപ്പീൽ. ഇതിന് വേണ്ടി പെരിയ കൊലക്കേസ് മോഡലിൽ ഉത്തരേന്ത്യയിൽ നിന്നുള്ള അഭിഭാഷകരെ കേസ് ഏൽപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.

കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവുൾപ്പെടെയുള്ള കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി ജയിലിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു.
ആർഎസ്എസ് പ്രവർത്തകനായ കുന്നംകുളം കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടിൽ സുരേഷ് ബാബുവിനെ (ബാബുട്ടൻ) ഒറ്റപ്പിലാവ് ബസ് സ്റ്റോപ്പിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ശിക്ഷിച്ച പ്രതികളെയാണ് ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിച്ചത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറിയച്ഛന്റെ മകൻ മുഹമ്മദ് ഹാഷിം, മുൻ എംഎൽഎ ബാബു എം. പാലിശ്ശേരിയുടെ അനുജൻ ബാലാജി എം. പാലിശ്ശേരി എന്നിവർ ഉൾപ്പെടെ അഞ്ചു പേർക്കാണ് ശിക്ഷാ കാലാവധിയുടെ പകുതി പോലും പൂർത്തിയാകും മുൻപ് ഇളവ് നൽകിയത്.

കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂർ ജില്ലയിലെ പ്രവേശന വിലക്ക് മാറ്റാനും അവർ ഉടൻ കോടതിയെ സമീപിക്കും. അവരുടെ അപ്പീൽ പ്രോസിക്യൂഷൻ എതിർക്കില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊടി സുനിക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശ്രമവും ഏറെ വിവാദമായിരുന്നു.