തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവർഷക്കാലമായി ഈടാക്കുന്ന പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുത ൽ അവസാനിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.ഇത്തവണത്തെ ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.ഇതോടെ സ്വർണം, വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വില കുറയും.ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജനങ്ങളിൽ നിന്ന് ഒന്നര വർഷമായി ഒരു ശതമാനമാണ് സെസ് ഈടാക്കിയിരുന്നത്.

പ്രളയത്തിൽ നിന്നു കരകയറുന്നതിന് 2 വർഷം കൊണ്ട് 2000 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ട് 2019 ഓഗസ്റ്റ് ഒന്നു മുതലാണ് പ്രളയ സെസ് നടപ്പാക്കിയത്. ജൂലൈയോടെ ആകെ സെസ് വരു മാനം 2000 കോടിയിലെത്തും.12%, 18%, 28% ജിഎസ്ടി നിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും സെസ് ഉണ്ട്. 0%, 5% നിരക്കുള്ള ഉൽപന്നങ്ങളെയും ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാന നികുതി ക്കാരായ വ്യാപാരികളെയും ഒഴിവാക്കി. 3% ജിഎസ്ടിയുള്ള സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണു സെസ്. പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് ഇല്ല.

കാറിന് 1% വില കുറയും; സ്വർണത്തിന് 90 രൂപ

പ്രളയസെസ് ഒഴിവാകുമ്പോൾ ഒരു പവൻ സ്വർണത്തിന് 90 രൂപയോളം കുറയും. 5 ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയും.വാഹനങ്ങൾ, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് അവ്ൻ, മിക്‌സി, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത, മൊബൈൽ ഫോൺ, ലാപ്‌ടോപ്, കംപ്യൂട്ടർ, ക്യാമറ, മരുന്നുകൾ, 1000 രൂപയ്ക്കു മേലുള്ള തുണിത്തരങ്ങൾ, കണ്ണട, ചെരിപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാർബിൾ, സെറാമിക് ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമാ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരു ശതമാനം വില കുറയും.