കൊച്ചി: സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെയുള്ള ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനമെന്ന് നിർവചിച്ചു ഹൈക്കോടതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ തുടർച്ചയായുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ പരാമർശിച്ചുകൊണ്ടാണു ഹൈക്കോടതിയുടെ വിധിപ്രസ്താവം.

ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാൽ പീഡനമായി കണക്കാക്കരുതെന്നുമായിരുന്നു പ്രതി കോടതിയിൽ വാദിച്ചത്. ഇതു തള്ളിയ കോടതി, പ്രതിയുടെ സ്വകാര്യ അവയവം ഉപയോഗിച്ചു പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതിനെ പീഡനമായിത്തന്നെ കാണാൻ സാധിക്കുമെന്നു വ്യക്തമാക്കി.

പ്രതി സമ്മതിച്ച പ്രവൃത്തി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നൽകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പീഡനക്കേസ് പ്രതിയായ പിറവം സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണു നിർണായക നിർവചനം. ലൈംഗിക പീഡനക്കേസിൽനിന്നു രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിനു തടയിട്ടാണ് കോടതിയുടെ വിധി.

2015ൽ പീഡനത്തിന് ഇരയായ പതിനൊന്നുകാരി വയറുവേദനയ്ക്കു ചികിത്സ തേടിയെത്തിപ്പോൾ ഡോക്ടറുടെ ചോദ്യത്തിനു മറുപടിയായാണ് അയൽവാസിയുടെ അതിക്രമം വെളിപ്പെടുത്തിയത്. കർശനമായും പൊലീസിൽ പരാതിപ്പെടണമെന്നു നിർദേശിച്ചാണ് ചികിത്സ നൽകി വിട്ടയച്ചതെങ്കിലും അപമാനഭയം മൂലം പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടില്ല. ചൈൽഡ് ലൈൻ നടത്തിയ ഇടപെടലുകൾക്കു പിന്നാലെയാണു കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

കേസിൽ പ്രതിക്കു പോക്‌സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ ആജീവനാന്ത തടവിനു വിധിച്ചത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പെൺകുട്ടിക്കു പ്രായപൂർത്തിയായില്ല എന്ന വാദം പ്രോസിക്യൂഷനു തെളിയിക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്.

പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്തായിരുന്നു അറസ്റ്റ്. വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എഫ്‌ഐആർ സമർപ്പിക്കുന്നതിനുണ്ടായ കാലതാമസവും ആരോപണം കെട്ടിച്ചമച്ചതാണെന്നും കാണിച്ചായിരുന്നു പ്രതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ഇതോടെ പോക്‌സോ വകുപ്പ് ഹൈക്കോടതി നീക്കുകയായിരുന്നു.