കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡയറി ഫാം അടച്ചു പൂട്ടൽ, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. അഡ്‌മിനിസ്ട്രേഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്നു കാണിച്ച് നിരവധി ഹർജികളാണ് ഹൈക്കോടതി മുമ്പാകെ പരിഗണനയ്‌ക്കെത്തിയത്. നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ല. സ്‌കൂളുകളിൽ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നൽകണമെന്നു മാത്രമാണ് നിർദേശമുള്ളത്. ബീഫ് തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി.

അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ ദ്വീപിന്റെ പാരമ്പര്യസാംസ്‌കാരിക തനിമയ്ക്കു കോട്ടം വരുത്തിയെന്നു കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലി സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

ഭരണ പരിഷ്‌കാര നിർദേശങ്ങളുടെ കരടു മാത്രമാണ് ഇപ്പോൾ ഉള്ളതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കോവിഡ് എസ്ഒപി, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറി ഫാമുകൾ അടച്ചു പൂട്ടുന്നതിന് എടുത്ത തീരുമാനം എന്നിവയ്‌ക്കെതിരായ ഹർജികളും കോടതി തള്ളിയിരുന്നു.