കൊച്ചി: കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനോട് അനുബന്ധിച്ചു തിങ്കളാഴ്ച കേരളത്തിൽ നടക്കുന്ന ഹർത്താൽ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ ആവശ്യം കോടതി തള്ളി. ഹർത്താലിന് ഏഴു ദിവസം മുൻപു നോട്ടിസ് നൽകിയിട്ടുണ്ടാകണമെന്ന ബിൽ ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. എന്നാൽ ഇതു നിയമമായിട്ടില്ലെന്നും ബില്ലു മാത്രമാണെന്നും കോടതി വിശദീകരിച്ചു. ഹർത്താൽ വിഷയത്തിൽ സർക്കാർ നൽകിയ വിശദീരണം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹർത്താൽ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

ഹർത്താൽ നടത്തുമെന്ന് ഒരു മാസം മുൻപു പ്രഖ്യാപിച്ചിട്ടുണ്ടെന്ന വിവരം സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി. ഹർത്താലിനെ നേരിടാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഹർത്താൽ ദിവസം താൽപ്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. അനിഷ്ടസംഭങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി തിങ്കളാഴ്ച ഹർത്താൽ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് യോഗവും പിന്തുണ പ്രഖ്യാപിച്ചതോടെ പാൽ, പത്രം, ആംബുലൻസ്, മരുന്നു വിതരണം, വിവാഹം, ആശുപത്രി വാഹനം തുടങ്ങി അവശ്യകാര്യങ്ങൾ മാത്രമാകും ഹർത്താലിൽനിന്ന് ഒഴിവുണ്ടാകുക. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് ഭാരത ബന്ദ്. മോട്ടോർ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരും ഉൾപ്പടെ നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.