തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പഞ്ചായത്തിന്റെ ഭരണം ഇനി നിശ്ചയിക്കുക സമാജ്‌വാദി പാർട്ടി.സംസ്ഥാനത്ത് ആദ്യമായി ഇ തദ്ദേശ തെരഞ്ഞെടുപ്പിലാണ് പാർട്ടി അക്കൗണ്ട് തുറന്നത്. പുത്തൻകട വാർഡിൽ മത്സരിച്ച ഷീന ആൽബിനാണ് ജയിച്ച പാർട്ടി സ്ഥാനാർത്ഥി. ഷീനയുടെ നിലപാട് പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകമാകും.

നിലവിൽ എൽഡിഎഫ് 4,യുഡിഎഫ് 6, ബിജെപി 2, സമാജ്‌വാദി പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ഇ സാഹചര്യത്തിൽ എൽഡിഎഫും യുഡിഎഫും സമാജ്‌വാദി പാർട്ടിയോട് പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമെന്നതിനാൽ തന്നെ പ്രസിഡന്റ് സ്ഥാനമാണ് സമാജ് വാദി പാർട്ടിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തത്വത്തിൽ ഇത് എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണെന്നും സമാജ്‌വാദി പാർട്ടി നേതൃത്വം പറയുന്നു. അതേസമയം യുഡിഎഫിന്റെ പ്രതികരണം ലഭിക്കാനിരിക്കുന്നതെയുള്ളുവെന്നും പാർട്ടി നേതൃത്വം പറയുന്നു.ഭരണത്തിനായി ഇ വ്യവസ്ഥ അംഗീകരിച്ചാൽ ആദ്യ വിജയത്തിനൊപ്പം തന്നെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടം കൂടി സമാജ്‌വാദി പാർട്ടിക്ക് സ്വന്തമാകും.

ഇതിനുപുറമെ പ്ലാന്തോട്ടം വാർഡിൽ മത്സരിച്ച സ്വതന്ത്രസ്ഥാനാർത്ഥി തിരുപുറം സുരേഷിന്റെ നിലപാടും ഭരണത്തിൽ മുന്നണികൾക്ക് ആവശ്യമാണ്.സുരേഷ് ആവശ്യപ്പെട്ടത് വൈസ്പ്രസിഡന്റ് സ്ഥാനവുമാണ്. ഇത് തത്വത്തിൽ യുഡിഎഫ് അംഗീകരിച്ചിട്ടുമുണ്ട്.