തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് ഇനിയും അഴിച്ചുപണിക്ക് സാധ്യത. പുതുതായി 11 പേർക്ക് കൂടി ഐപിഎസ് ലഭിക്കുന്ന വേളയിലാകും വീണ്ടും ഇളക്കിപ്രതിഷ്ട ഉണ്ടാകുക. സംസ്ഥാന പൊലീസിൽനിന്നുള്ള എസ്‌പി.മാർക്ക് ഐ.പി.എസ്. നൽകാനുള്ള പട്ടിക കേന്ദ്രത്തിൽനിന്ന് ലഭിച്ചാലുടൻ വീണ്ടു സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങാനാണ് നീക്കം. സുദേഷ് കുമാർ ഡിജിപി ആയ ശേഷമുള്ള സമഗ്രമായ അഴിച്ചുപണിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചർച്ചകൾ തുടരുകയാണ്. നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം നഷ്ടമായ സന്ധ്യക്ക് ഡിജിപി പദവിയും ഉടൻ തന്നെ ലഭിക്കും.

ഈ മാസം ജയിൽമേധാവി ഋഷിരാജ് സിങ് വിരമിക്കുന്നതോടെ അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യക്ക് ഡി.ജി.പി. പദവി ലഭിക്കും. ഇതിനുപിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവുമുണ്ടാകും. നിഥിൻ അഗർവാൾ, എസ്. ആനന്ദകൃഷ്ണൻ എന്നിവർ ഡി.ജി.പി. സ്ഥാനത്തേക്കുയരും. നിഥിൻ അഗർവാൾ കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാൽ ആ ഒഴിവിൽ കെ. പത്മകുമാറിന് ഡി.ജി.പി. സ്ഥാനം ലഭിക്കും.

നിലവിൽ കോസ്റ്റൽ പൊലീസ്, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ഇന്റേണൽ സെക്യൂരിറ്റി, ട്രെയിനിങ്, എസ്.സി.ആർ.ബി., വിജിലൻസ്-ഒന്ന്, രണ്ട് എന്നിവിടങ്ങളിൽ എ.ഡി.ജി.പി.മാരുടെ ഒഴിവുണ്ട്. ഇതിലേക്കുള്ള നിയമനവും ഉണ്ടായേക്കും. ഐ.ജി.മാരുടെ പത്ത് ഒഴിവുകളും ഡി.ഐ.ജി.മാരുടെ ഏഴ് ഒഴിവുകളുമുണ്ട്.

2018-ൽ ഐ.പി.എസ്. ലഭിക്കേണ്ട 30 പേരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. ഇതിൽ 11 ഒഴിവുകളുടെ കാര്യം പരിഗണിച്ചുള്ള യോഗം നടന്നെങ്കിലും പട്ടിക സംസ്ഥാനത്തിന് കൈമാറിയിട്ടില്ല. 2019, 2020 വർഷങ്ങളിൽ ഐ.പി.എസ്. ലഭിക്കേണ്ടവരുടെ പട്ടികയും സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള യോഗം ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

11 പേർക്കുകൂടി ഐ.പി.എസ്. ലഭിക്കുന്നതോടെ നിലവിലുള്ള എസ്‌പി.മാരുടെ ഒഴിവിലേക്ക് ഇവർ നിയമിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവരുടെ സ്ഥലംമാറ്റമുണ്ടാകും. പൊലീസ് ആസ്ഥാനത്തുമാത്രം മൂന്ന് എസ്‌പി.മാരുടെ ഒഴിവുണ്ട്. എം.എസ്‌പി., വിവിധ സായുധസേനാ ബറ്റാലിയനുകൾ, സ്‌പെഷ്യൽ ബ്രാഞ്ചിലെ വിവിധ റേഞ്ചുകൾ, ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകൾ എന്നിവയിലൊക്കെ എസ്‌പി.മാരുടെ ഒഴിവുണ്ട്. ഇവിടങ്ങളിലേക്കാകും നിയമനം.

അതിനിടെ ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡി.ജി.പി റാങ്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനിൽകാന്ത് സർക്കാരിന് കത്ത് നൽകിയിരുന്നു. പൊലീസ് മേധാവി നിയമനത്തിൽ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയർന്നതോടെയാണിത്. പൊലീസ് മേധാവി നിയമനത്തെ തുടർന്ന് പൊലീസ് തലപ്പത്തുണ്ടായ അതൃപ്തികൾ പരിഹരിക്കാനും നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്.

സുദേഷ്‌കുമാർ, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഇവരേക്കാൾ ജൂനിയറായ അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. എന്നാൽ ഈ മൂന്ന് പേരും യു.പി.എസ്.സി അംഗീകരിച്ച പട്ടികയിലുള്ളവരായതിനാൽ അനിൽകാന്തിന്റെ നിയമനത്തിൽ തെറ്റില്ല. അതേസമയം എ.ഡി.ജി.പിയായ അനിൽകാന്തിനെ മേധാവിയാക്കിയപ്പോൾ ഡി.ജി.പി റാങ്കും നൽകിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനിൽകാന്തിന് നൽകിയത്. താൽക്കാലികമായി ഡിജിപി പദവി അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.

എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ, എസ്.ശ്രീജിത്ത് എന്നിവരെ പ്രധാനപദവികൾ നിലനിർത്തിയാവും അഴിച്ചുപണി. ഡി.ജി.പി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ടോമിൻ തച്ചങ്കരിക്കും നിർണായക സ്ഥാനം ലഭിച്ചേക്കും..