ന്യൂഡൽഹി: കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ കെടുതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 

''കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.''- മോദി ട്വീറ്റ് ചെയ്തു.

 

കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നൽകുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാ പ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 

അതേസമയം, കേരളത്തിൽ ന്യൂനമർദ്ദം ദുർബലമായിയെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു. ഇന്ന് മുതൽ അതി തീവ്രമഴക്കുള്ള സാഹചര്യമില്ല. നേരിയ മഴയ്ക്കുള്ള സാഹചര്യമേ ഉള്ളു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്‌തേക്കാം. ഒക്ടോബർ 20 നും 21 നും തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനം കേരളത്തെയും ബാധിക്കുന്നുണ്ട്. മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര പറഞ്ഞു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരണം 23 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയിൽ ഒരാളും ഒഴുക്കിൽപ്പെട്ടു. വടകരയിൽ തോട്ടിൽ വീണ്ട് രണ്ട് വയസ്സുകാരൻ മരിച്ചു. പാലക്കാടും തൃശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കാവാലിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയിൽ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയിൽ തിമിർത്ത് പെയ്ത പേമാരിയിൽ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ചെറു കുന്നുകൾ ഇടിഞ്ഞ് താഴുകയായിരുന്നു. ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊക്കയാറിൽ ഉരുൾപൊട്ടി കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. നാല് കുട്ടികളുടെയും രണ്ട് മുതിർന്നവരുടെയും മൃതദേഹമാണ് കിട്ടയത്. അംന സിയാദ്, അഫ്സന ഫൈസൽ, അഹിയാൻ ഫൈസൽ, അമീൻ, ഷാജി ചിറയിൽ, ഫൗസിയ എന്നിവരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയലിന്റെ മൃതദേഹം മണിമലയാറിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി മൂന്ന് വയസുകാരൻ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്. കൊക്കയാറിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസിയെയും കണ്ടെത്താനുണ്ട്.

അതേസമയം, മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായധനം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാൻ നിർദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.