തിരുവനന്തപുരം: ഒന്നേകാൽ കിലോയുടെ സ്വർണം കടത്താൻ ശ്രമിച്ചത് ഈന്തപ്പഴം കൊണ്ടു പോകുന്ന പെട്ടിയിൽ ഒളിപ്പിച്ച്. സംഭവത്തിൽ കാസർകോഡ് സ്വദേശി പിടിയിൽ. കാസർകോട് കോട്ടപ്പുറം താഴത്ത്പുര മൗലവി ഹൗസിൽ ബഷീർ അഹമ്മദാ(53)ണ് പിടിയിലായത്.
ദുബായിൽ നിന്നും വെള്ളിയാഴ്‌ച്ച പുലർച്ചെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജെൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബാഗേജിനുള്ളിൽ അലൂമിനിയം പേപ്പറിൽ പൊതിഞ്ഞ് ഇന്തപ്പഴത്തിനൊപ്പമാണ് ഒന്നേകാൽക്കിലോ വരുന്ന പത്തുമാലകൾ കടത്താൻ ശ്രമിച്ചത്. ഇവയ്ക്ക് 35 ലക്ഷത്തോളം വിലവരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്‌ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സി.ശ്രീകുമാർ, െബെജു ആർ. ആൻസി, ഇൻസ്പെക്ടർമാരായ പ്രമോദ്, സുനിൽ എന്നീ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നു സംശയിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.