തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോകുക എന്നത് സർക്കാറിന്റെ തീരുമാനമല്ലെന്ന് പ്രതികരിച്ച് മന്ത്രി എ കെ ബാലൻ. യുവതികൾ ശബരിമലയിലേക്ക് എത്തണമെന്ന് സർക്കാർ ആഹ്വാനം ചെയ്തിട്ടില്ലെന്നും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ യുവതികൾ ദർശനത്തിന് എത്തിയാൽ അതിനെ എതിർക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടാൽ എത് ഒരുക്കുക തന്നെ ചെയ്യുമെന്നും എ കെ ബാലൻ പ്രതികരിച്ചു.

ബിന്ദുവും കനകദുർഗയുമാണ് ഇന്ന് പുലർച്ചെ 3.45യോട് കൂടെ ശബരിമല ദർശനം നടത്തിയത്. മഫ്ടി പൊലീസിന്റെ സുരക്ഷയിലായിരുന്നു ഇവർ ദർശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുർഗയ്ക്കും. യുവതികൾ ദർശനം നടത്തിയതായി പൊലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. എന്നാൽ മാധ്യമ പ്രവർത്തകരിൽ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.