കണ്ണൂർ: ബിജെപി. ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരും കാസർഗോഡും അക്രമ സംഭവങ്ങൾ അരങ്ങേറി. പയ്യന്നൂർ കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിച്ച രണ്ട് കെ.എസ്. ആർ.ടി.സി. ബസ്സുകൾക്കു നേരെ കല്ലേറുണ്ടായി. പെരുമ്പയിൽ വെച്ചും എടാട്ട് വെച്ചും ഉണ്ടായ കല്ലേറിനെ തുടർന്ന് കെ.എസ്. ആർ.ടി.സി. ബസ്സുകളുടെ സർവ്വീസ് പൂർണ്ണമായും നിർത്തിവെച്ചു.

കണ്ണൂർ നഗരത്തിൽ രണ്ട് ഓട്ടോറിക്ഷകൾക്ക് നേരേയും അക്രമങ്ങളുണ്ടായി. ഇവയുടെ ചില്ല് അടിച്ചു തകർക്കപ്പെട്ടു. കണ്ണൂർ താണയിലും താളിക്കാവിലും വെച്ച് വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. കണ്ണൂർ റെയിൽവേസ്റ്റേഷന് മുൻവശത്തെ റോഡിൽ പാതി തുറന്ന് വെച്ച ലഘുഭക്ഷണശാലക്കു നേരേയും കല്ലേറുണ്ടായി. കടയുടെ ചില്ല് തകർക്കപ്പെടുകയും ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
|
ജില്ലയിലെ അക്രമസംഭവങ്ങളിൽ 9 ബിജെപി. അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളൊഴിച്ച് സ്വകാര്യ വാഹനങ്ങളൊന്നും കാര്യമായി റോഡിലിറങ്ങിയിട്ടില്ല. ട്രെയിൻ മാർഗ്ഗമെത്തിയ യാത്രികർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടപ്പാണ്. കാസർഗോഡ് നഗരത്തിലും കടകളെന്നും തുറന്നിട്ടില്ല. വനിതാ മതിലിനോടനുബന്ധിച്ച് അക്രമസംഭവങ്ങൾ അരങ്ങേറിയ കാസർഗോട്ട് വിശ്വഹിന്ദു പരിഷത്ത് നേതാവ് കെ. ജയകുമാറിന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച നിലയിൽ കാണപ്പെട്ടു. സിപിഎം. കാരാണ് ഇതിന് പിറകിലെന്ന് വി.എച്ച്. പി.യും ബിജെപി.യും ആരോപിക്കുന്നു.

തൃക്കരിപ്പൂർ ദിനേശ്ബീഡി ബ്രാഞ്ചിൽ ജോലിക്കെത്തിയ 93 സ്ത്രീ തൊഴിലാളികൾ സ്ഥാപനം തുറക്കാനാവാത്തതിൽ തിരിച്ച് പോവുകയായിരുന്നു. ഇവിടെ നാമജപം നടത്താൻ ഒരു സംഘം പേരെത്തിയിരുന്നു. ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തലശ്ശേരിയിൽ ദിനേശ് ബീഡിക്ക് നേരെ ബോംബേറുണ്ടാക്കി. ബോബ് പൊട്ടാതിരുന്നതാനാൽ അപകടം ഒഴിവായി.