കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കൊച്ചിയിൽ നടന്ന കന്യാസ്ത്രീകളുടെ സമരത്തിന് ചുക്കാൻ പിടിച്ച ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപത തത്കാലം നടപടിയെടുക്കില്ല. എന്നാൽ, കർശന ഉപാധികൾ നിർദേശിച്ചിട്ടുണ്ട്.വിശദീകരണം ആവശ്യപ്പെട്ട് നൽകിയ കത്തിന് ഫാ. വട്ടോളി നൽകിയ മറുപടി തൃപ്തികരമാണെന്ന് അതിരൂപതാ അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കി. തത്കാലം നടപടിയില്ലെന്ന് കാണിക്കുന്ന രണ്ടാമത്തെ കത്ത് ഡിസംബർ 29-നാണ് ഫാ. വട്ടോളിക്ക് നൽകിയിരിക്കുന്നത്. സേവ് ഔവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) എന്ന സംഘടനയുടെ കൺവീനർ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിരൂപതാ സുതാര്യത സമിതി (എ.എം ടി.) പോലെയുള്ള സമിതികളുമായി സഹകരിക്കരുതെന്നും നിർദേശമുണ്ട്. കത്ത് ഇങ്ങനെ തുടരുന്നു: സഭയെയോ അതിന്റെ അധികാരശ്രേണിയെയോ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവനയിറക്കരുത്. ഇത്തരം പ്രവൃത്തികൾ വിശ്വാസികൾക്ക് വേദനയുണ്ടാക്കും. താങ്കൾക്ക് താങ്കളുടെതായ വിശ്വാസങ്ങൾ ഉണ്ടാകാം. താങ്കളുടെ നടപടികൾ ഈ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ന്യായീകരിക്കാനും കഴിയുമായിരിക്കും. ഒരു കത്തോലിക്ക പുരോഹിതൻ എന്ന നിലയിൽ താങ്കൾ നേതൃത്വത്തെ ബഹുമാനിക്കുകയും മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയെന്നതും തുല്യപ്രാധാന്യമുള്ള കാര്യമാണ്.

ഏതാനും ആഴ്ചകൾ താങ്കൾ പ്രാർത്ഥനയിലായിരിക്കാൻ അഭ്യർത്ഥിക്കുന്നു. വരുന്ന മാർച്ചിലെ പൊതുസ്ഥലംമാറ്റ സമയത്ത് താങ്കൾക്ക് പുതിയൊരു ചുമതല നൽകാൻ ഞാൻ ആലോചിച്ചിരുന്നു. എന്നാൽ, വാത്തുരുത്തിയിൽ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു വർഷം കൂടി താങ്കൾ ആവശ്യപ്പെട്ടതിനാൽ അത് അനുവദിക്കുകയാണ്. താങ്കൾ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് എഴുതിയറിയിക്കണം. നിർദേശങ്ങൾ അനുസരിക്കുന്നത് സംബന്ധിച്ച് താങ്കളുടെ മറുപടി ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുകയും വേണം - കത്ത് ആവശ്യപ്പെടുന്നു.

ഉപാധികൾ ഫാ. വട്ടോളി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. മറുപടി നൽകുമെന്ന് പറഞ്ഞെങ്കിലും ഇതെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എസ്.ഒ.എസ്. കൺവീനർ സ്ഥാനം ഒഴിയാമെന്ന് കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ ഫാ. വട്ടോളി സൂചിപ്പിച്ചിരുന്നു. തന്റെ വാക്കോ പ്രവൃത്തിയോ സഭാ നേതൃത്വത്തിൽ ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, എസ്.ഒ.എസിൽ പ്രവർത്തിക്കാനേ പാടില്ല എന്ന നിർദേശത്തോട് ഫാ. വട്ടോളി എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുള്ളത്.