നിലയ്ക്കൽ: തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ യുവതിയുണ്ടെന്ന് ആരോപിച്ച് തീർത്ഥാടകരുടെ ആക്രമണം. ആന്ധ്രയിൽ നിന്നും നിലയ്ക്കലിലെത്തിയ സംഘത്തിന് നേരെയാണ് അക്രമണമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ തീർത്ഥാടകരാണ് ബസ് ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തിൽ നിലയ്ക്കൽ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

രാവിലെ പതിനൊന്നരയോടെയാണ് നിലയ്ക്കൽ പാർക്കിങ്ങിനെത്തിയ ആന്ധ്രാ സ്വദേശികളുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തീർത്ഥാടകരുടെ ബസിൽ മൂന്ന് യുവതികൾ ഉണ്ടായിരുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലം കൂടിയാണ് നിലയ്ക്കൽ. സംഭവത്തിൽ നിലയ്ക്കൽ പൊലീസ് കേസെടുത്തു. കേസ് റെജിസ്റ്റർ ചെയ്ത ശേഷം ഇവരെ വിട്ടയച്ചെന്നാണ് അറിയുന്നത്.

പല തീർത്ഥാടന കേന്ദ്രങ്ങളിൽ പോയി നിലയ്ക്കലിലെത്തിയ സംഘത്തിൽ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ ശബരിമല ദർശനം നടത്താനല്ല ഇവർ വന്നതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇത് അറിയാതെയാണ് തമിഴ്‌നാട് സംഘം ആക്രമിച്ചത്. അതേസമയം ആദ്യമായാണ് ഇതര സംസ്ഥാനത്തിൽനിന്നുള്ള തീർത്ഥാടക സംഘം യുവതികൾ ഉണ്ടെന്ന പേരിൽ ശബരിമലയിൽ ആക്രമണം നടത്തുന്നത്.