തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല നടയടിച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് കോടിയേരി പറഞ്ഞു. ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. ശബരിമലയിൽ യുവതീപ്രവേശനം നടന്നുകഴിഞ്ഞു. അതൊരു യാഥാർഥ്യമായി അംഗീകരിക്കാൻ കഴിയണമെന്നും കോടിയേരി വ്യക്തമാക്കി.

പലഘട്ടങ്ങളിലും സ്ത്രീകൾ കയറാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സായുധ പൊലീസിനെ ഉപയോഗിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഇപ്പോൾ രണ്ട് സ്ത്രീകൾ ദർശനം നടത്തിയിരിക്കയാണ്. അത് യാഥാർഥ്യമായി അംഗീകരിക്കണം. സ്ത്രീകൾ വരട്ടെ എന്ന് തീരുമാനിക്കയാണ് വേണ്ടത്.

ഇത്തരത്തിൽ പ്രകോപനമായ നിലപാട് തന്ത്രി സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തിന്റെ പേരിലാണ് ഈ നടപടി എന്ന് സുപ്രീം കോടതി പരിശോധിക്കണം. ഉപസമിതിയും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം തന്ത്രി നടത്തണം. ഏതെങ്കിലും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കണം. ഉത്തരവാദിത്യം പൂർണമായും തന്ത്രിക്കാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം. പരിഹാരക്രിയയുടെ ആവിശ്യമൊന്നും ഇവിടെ ഇല്ല. ആചാരങ്ങൾ ഭരണഘടനയ്ക്ക് താഴെയാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

സ്ത്രീകളെ കയറ്റണം എന്ന നിർബന്ധം സിപിഎമ്മിന് ഇല്ലായിരുന്നു. അതിന് ആഗ്രഹിച്ച് സ്ത്രീകൾ എത്തിയാൽ അതിന് അവസരമുണ്ടാവണം എന്നായിരുന്നു പാർട്ടി നിലപാട്. അതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്. സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടും. വനിതാ മതിലും സ്ത്രീകൾ കയറിയതും തമ്മിൽ ഒരു ബന്ധവുമില്ല. ബിജെപിയുടെ പരിഹാസ്യ സമരം അവസാനിപ്പിക്കണം.