റിയാദ്: വർഷങ്ങളായി നിയമക്കുരുക്കിൽ അകപ്പെട്ട മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖിന് ഖസീം പ്രവാസി സംഘം തുണയായാതോടെ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. വിവരങ്ങൾ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും സൗദിയിലെ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

അൽ ഖസീമിലെ ഉനൈസയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു മുഹമ്മദ് റഫീഖ്. ഇതിനിടെ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിൽ അകപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം ഖസീം പ്രവാസി സംഘം ഉനൈസ ഏരിയാകമ്മറ്റി പ്രവർത്തകരായ നൗഷാദ്, മനാഫ്, ഉമർ, ഗഫൂർ എന്നിവർ ചേർന്ന് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാരേഖകളും ധനസഹായവും കൈമാറി. മുഹമ്മദ് റഫീക്ക് ബുധനാഴ്ച നാട്ടിലേക്ക് പുറപ്പെട്ടു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, സാമൂഹിക പ്രവർത്തകൻ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ സഹായങ്ങൾ നൽകി നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.