ന്യൂഡൽഹി: കർഷകർക്ക് ഐക്യദാർഢ്യവുമായി ഇന്ത്യയിലെ വിവിധ തൊഴിലാളി സംഘടനകളും ഒത്തുചേർന്നതോടെ ഭാരത് ബന്ദിൽ സ്തംഭിച്ച് ഉത്തരേന്ത്യ. കർഷക പ്രക്ഷോഭത്തിന്റെ സിരാ കേന്ദ്രങ്ങളായ പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിൽ ബന്ദ് പൂർണ്ണമായിരുന്നു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഗിക പ്രതികരണമാണ് ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ ഇതിന്റെ മറവിൽ പൊലീസ് രാജ് നടപ്പാക്കുയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തിൽ പങ്കെടുക്കാൻ ഇറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.അതിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കരുതൽ തടങ്കൽ എന്നാണ് പൊലീസ് പറയുന്നത്.ഭാരത് ബന്ദിന് പിന്തുണയുമായി കർഷക സമരങ്ങൾക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.

യു.പിയിൽ സിപിഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ കാൺപൂരിൽ സുഭാഷിണി അലിയുടെ വീടിന് മുൻപിൽ പൊലീസ് കാവലേർപ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവർത്തകർ ആരോപിച്ചു.

കരുതൽ തടങ്കൽ ആണ് ഇതെങ്കിൽ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണ്. ഇത് ജനങ്ങൾ പൊറുക്കാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡൽഹിയിൽ സമരക്കാർക്ക് സമുപം ആയിരക്കണക്കിന് പൊലീസിനെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിരിക്കുന്നത്. 4,000 ത്തോളം ട്രാഫിക് ഉദ്യോഗസ്ഥരെയും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയം ഇവിടെ ഡ്യൂട്ടിക്ക് ഇട്ടിരിക്കയാണ്.

13 ദിവസമായി സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കരികിലേക്കാണ് വലിയ തോതിൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.തങ്ങളുടെ പരമാവധി സന്നാഹവും റോഡുകളിലായിരിക്കുമെന്നും വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവ പറഞ്ഞു. നിയമം കൈയിലെടുക്കാൻ ഒരാളേയും അനുവദിക്കില്ലെന്നും ശ്രീവാസ്തവ പറഞ്ഞു. ആളുകൾ കൂട്ടംകൂടുന്നത് നിരോധിക്കാൻ നഗരത്തിലുടനീളം സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ഭാരത് ബന്ദ് രാജ്യത്ത് സമാധാനപരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ സമ്പൂർണ്ണ 'ഭാരത് ബന്ദ്' ഉണ്ടായിരിക്കുമെങ്കിലും അടിയന്തര സേവനങ്ങൾ അനുവദിക്കുമെന്ന് കർഷക നേതാവ് ബൽബീർ സിങ് രാജേവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവിധ പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ബന്ദിന് കോൺഗ്രസ്, സിപിഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. കർഷക പ്രതിഷേധം പതിമൂന്നാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ചെവികൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കേന്ദ്രവും കർഷകരും നടത്തിയ ചർച്ചകൾ പൂർണ പരാജയമപ്പെടുമ്പോഴും ചർച്ചകൾ കൊണ്ടു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്ന് ആവർത്തിക്കുകയാണ് സർക്കാർ.

ഭാരത് ബന്ദിന് പിന്തുണയുമായി ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷനും രംഗത്തെത്തി. സംഘടനാ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര സിംഗു ബോർഡറിലെത്തി നേരിട്ടാണ് കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.'ഞങ്ങളുടെ കീഴിലുള്ള എല്ലാ സംഘടനകൾക്കും കത്തെഴുതിയിട്ടുണ്ട്. കർഷകരുടെ ന്യായമായ സമരത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണയും നടക്കും', ശിവ് ഗോപാൽ പറഞ്ഞു.സർക്കാർ എത്രയും വേഗത്തിൽ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.9 ലക്ഷത്തോളം അംഗങ്ങളുടെ റെയിൽവേ യൂണിയനാണ് ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ. ഭാരത് ബന്ദിന് പൂർണ്ണ പിന്തുണയുമായി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അടക്കമുള്ള വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.