കോട്ടയം: കേരളത്തിൽ ദുരഭിമാനക്കൊല ആവർത്തിക്കുന്നത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാത്തതിനാലെന്ന് കോട്ടയത്ത് ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിന്റെ കുടുംബം. മുഖ്യ സൂത്രധാരൻ ചാക്കോ കുറ്റവിമുക്തനായതുൾപ്പെടെ തെറ്റായ സന്ദേശം നൽകുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു.

2018 മെയ് 27നാണ് കോട്ടയത്തെ കെവിൻ. പി ജോസഫ് കൊല്ലപ്പെട്ടത്. കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെതുടർന്നായിരുന്നു കൊലപാതകം. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെന്ന് കോടതി വിശേഷിപ്പിച്ച കേസിൽ നീനുവിന്റെ സഹോദരൻ സാനു

ഉൾപ്പെടെ പത്തു പേർക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിച്ചു. നീനുവിന്റെ പിതാവ് ചാക്കോയെ പക്ഷെ കോടതി വിട്ടയച്ചു. കുറ്റവാളികൾക്ക് ഈ ശിക്ഷ പോരെന്ന നിലപാടിലാണ് കെവിന്റെ കുടുംബം. സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് പ്രതികൾ. ഒപ്പം ചാക്കോയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കെവിന്റെ 26ാം ജന്മദിനമാണ്. മകന്റെ ഓർമകൾക്കൊപ്പം നീനുവിനെയും ചേർത്തുപിടിച്ച ഈ കുടുംബം സമൂഹത്തിന് മാതൃകയാണ്.