തിരുവനന്തപുരം: വിഴിഞ്ഞം ആയുധകടത്ത് കേസിലെ മുഖ്യസൂത്രധാരൻ എൻഐഎയുടെ പിടിയിൽ. ശ്രീലങ്കൻ പൗരനായ സത്കുനം അഥവാ സബേശൻ(47) ആണ് അറസ്റ്റിലായത്. ഇയാൾ എൽടിടിയുടെ മുൻ ഇന്റലിജൻസ് വിങ് അംഗമാണെന്ന് എൻഐഎ വാർത്താ കുറിപ്പിൽ അറിയിച്ചു. ചെന്നൈ വത്സരവാക്കത്ത് താമസിക്കവേയാണ് പിടിയിലായത്. പാക്കിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ആയുധ കടത്തിനും അതുവഴി ശേഖരിക്കുന്ന ഫണ്ട് ഉപയോഗിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കലും ആയിരുന്നു ഇയാൾ അടങ്ങുന്ന സംഘത്തിന്റെ ലക്ഷ്യം.

മാർച്ച് 18 ന് രവിഹൻശി എന്ന ബോട്ട്തീരസംരക്ഷണ സേന പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മിനിക്കോയ് ദ്വീപിന് സമീപത്ത് നിന്ന് പിടികൂടിയ ബോട്ടിൽ 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും ഉണ്ടായിരുന്നു. ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് 6 ശ്രീലങ്കൻ സ്വദേശികളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മെയ് ഒന്നിനാണ് എൻഐഎ ഏറ്റെടുത്തത്.

കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യ സൂത്രധാരൻ സത്കുനം, ഇന്ത്യയിൽ എൽടിടിഇ അനുഭാവികളുടെ ഗൂഢാലോചനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. എൽടിടിയുടെ പുനരുദ്ധാരണത്തിനായി ലഹരിമരുന്ന് കടത്തിലൂടെ കിട്ടിയ പണം ശ്രീലങ്കയിൽ എത്തിക്കുന്നതിൽ ഇയാൾ സുപ്രധാന പങ്കുവഹിച്ചെന്നും എൻഐഎ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

നേരത്തെ കടൽമാർഗം ആയുധങ്ങളും ലഹരിമരുന്നും കടത്തിയതു പിടികൂടിയ സംഭവത്തിൽ ഏഴു പ്രതികൾക്കെതിരെ എൻഐഎനിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയിരുന്നു. ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെൻഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷൻ, നിശങ്ക, സുരേഷ് രാജ് എന്നിവർക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികളുടെ പാക്കിസ്ഥാൻ, എൽടിടിഇ ബന്ധങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. എൻഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം ചെന്നൈയിൽ നടത്തിയ റെയ്ഡിൽ പ്രതികളുടെ എൽടിടിഇ ബന്ധം കണ്ടെത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരി മരുന്ന്, ആയുധ കടത്തുകൾക്കു ചുക്കാൻ പിടിക്കുന്നത് ഒരു പാക്ക് പൗരനാണെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

ലഹരി കടത്തിന് കേരളത്തിലും ആസൂത്രണവും സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്ന് അറസ്റ്റിലായ സുരേഷ് രാജ് വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിൽനിന്നുള്ള ലഹരിമരുന്ന് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് എത്തിച്ച് മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നതായിരുന്നു പ്രതികളുടെ രീതി. ഇതിന് എൽടിടിഇയുടെ മുൻ നേതാക്കളെ ഉപയോഗപ്പെടുത്തുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റുമുള്ള എൽടിടിഇയുടെ നിർജീവ സെല്ലുകൾ ഇതിനു സഹായം ചെയ്തിരുന്നതും കണ്ടെത്തി. തമിഴ്‌നാട് തീരങ്ങളും ലക്ഷദ്വീപിലെ ആളില്ലാത്ത ദ്വീപുകളും പ്രതികൾ ഇതിനായി ഉപയോഗിച്ചതും കണ്ടെത്തിയിരുന്നു.