'വയലൻസ്, വയലൻസ്, വയലൻസ്'- പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കെജിഎഫ് സിനിമയിലെ നായകൻ യാഷ് പറയുന്ന പഞ്ച് ഡയലോഗ്പോലെയാണ് ആ സിനിമക്ക് പ്രചോദമായതെന്ന് കരുതുന്ന റൗഡി തങ്കത്തിന്റെയും കഥ. വെറും 25വയസ്സിനുള്ളിൽ കൊള്ളയും കൊലയും കവർച്ചയുമായി 75ലേറെ കൊടിയ കേസുകൾ സൃഷ്ടിച്ച്, വീരപ്പൻ ജൂനിയർ എന്ന പേരിൽ കോളാർ ഗോർഡ് ഫീൽഡിൽ പേടി സ്വപ്നമായിരുന്ന റൗഡി തങ്കത്തിന്റെ കഥയാണ് സത്യത്തിൽ കെജിഎഫ് സിനിമകൾക്ക് പ്രചോദനം എന്ന് കന്നഡ പത്രങ്ങൾ പല തവണ എഴുതിയതാണ്. എന്നാൽ ഇത് പൂർണ്ണമായും സാങ്കൽപ്പിക്കമായ കഥയാണെന്നാണ് കെജിഎഫിന്റെ സംവിധായകനും കഥാകൃത്തുമായ പ്രശാന്ത് നീൽ പറയുന്നത്. പക്ഷേ കർണ്ണാടകയിലെ കോളാർ ഗോൾഡ് ഫീൽഡിനു ചുറ്റുമുള്ള ജനം ഇത് അംഗീകരിക്കുന്നില്ല. അവർക്ക് റോക്കിഭായി എന്നത് തങ്ങളുടെ പ്രിയപ്പെട്ട റൗഡി തങ്കം എന്ന ചെറുപ്പക്കാൻ തന്നെയാണ്.

തന്റെ മകനെ കെജിഎഫ് സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് റൗഡി തങ്കത്തിന്റെ അമ്മ പൗളി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കഥാപാത്രങ്ങൾ സാങ്കൽപ്പിക്കമാണെന്ന സംവിധാകയന്റെ വാദം മുന്നിൽ നിർത്തി കേസ് കോടതി തള്ളുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പൗളിയുടെ അടുത്തുവന്ന് തങ്കത്തിന്റെ ജീവിതം പഠിച്ചിട്ടുണ്ട്. ''തന്റെ മകനെ നല്ല ഭാവത്തിൽ അവതരിപ്പിക്കാം എന്ന് ഉറപ്പു പറഞ്ഞ അണിയറക്കാർ അങ്ങനെയല്ല ചെയ്യുന്നത്' എന്നാണ് പൗളിയുടെ ആരോപണം.

എന്നാൽ കെജിഎഫിലെ കഥാപാത്രമായ റോക്കി ഭായിക്കും റൗഡി തങ്കത്തിനും ഒരു പാട് സാമ്യതകൾ ഉണ്ടെന്ന്, ജീവചരിത്രം പരിശോധിച്ചാൽ അറിയാൻ പറ്റും. പക്ഷേ കെജിഎഫ് സിനിമ ആ കഥയിൽമാത്രം ഒട്ടിപ്പിടിച്ച് നിന്നില്ല. ആ സ്പാർക്കിൽനിന്ന് അവർ ഒരുപാട് മുന്നേറിയെന്നാണ് യാഥാർഥ്യം. പക്ഷേ റോക്കിഭായി ലോകം കീഴടക്കുമ്പോൾ, റൗഡി തങ്കത്തിന്റെ കഥയും ചർച്ചയാവുകയാണ്. റോക്കിയെപ്പോലെ അടിമുടി വയലൻസ് ആയിരുന്നു 25ാം വയസ്സിൽ പൊലീസ് വെടിവെച്ച് കൊല്ലുംവരെ റൗഡി തങ്കത്തിന്റെ ജീവിതവും.

കനകത്തിൽ രുധികം കലരുമ്പോൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഖനികളിൽ ഒന്നായിരുന്ന 'മിനി ഇംഗ്ലണ്ട്' എന്നൊക്കെ അറിയപ്പെട്ടിരുന്ന കോലാർ ഗോൾഡ് ഫീൽഡ്. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ്. ഈ മേഖലിയെ സ്വർണ്ണക്കൊള്ളക്കാരൻ ആയിരുന്നു റൗഡി തങ്കം. 90കളിൽ കർണ്ണാടയിലെ ദി മോസ്റ്റ് വാണ്ടഡ് ക്രിമിനൽ . ചന്ദന കൊള്ളക്കാരൻ വീരപ്പന് ലഭിച്ചിരുന്ന അതേ റോബിൻഹുഡ് ഇമേജ് റൗഡി തങ്കത്തിനും ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു.

കോലാർ സ്വർണ്ണഖനികളിൽ ജോലി ചെയ്യാനായി ഏറ്റവും കൂടുതൽ ആളുകൾ വന്നിരുന്നത് തമിഴ്‌നാട്ടിൽ നിന്നായിരുന്നു. അങ്ങനെയാണ് കെജിഎഫിലെ തൊഴിലാളികളുടെ അനൗദ്യോഗിക ഭാഷ തമിഴ് ആയത്. 55 ഡിഗ്രിവരെ ഉയരുന്ന ചൂട് സഹിച്ച്, പെരുച്ചാഴി മാളങ്ങൾ പോലുള്ള നീണ്ട ഭൂഗർഭ കുഴികളിലൂടെ മുന്നു കിലോമീറ്റർവരെ താഴോട്ടിറങ്ങിവേണം അവർക്ക് ജോലിചെയ്യാൻ. ഖനിയിടിഞ്ഞുള്ള അപകടങ്ങളും പലതവണ ഉണ്ടായിട്ടുണ്ട്. ശരിക്കും ജീവൻ പണയം വച്ചാണ് ആ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. അദ്യകാലത്ത് അതുകൊണ്ടുതന്നെ കെജിഎഫിലെ തൊഴിലാളികൾക്ക് താരതമ്യേന നല്ല ശമ്പളവും ലഭിച്ചിരുന്നു. എന്നാൽ 80കളുടെ അവസാനം എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

തമിഴ്‌നാട്ടിൽനിന്ന് കർണ്ണാടകയിലെ കോലാറിലെത്തി ഖനിയിൽ ജോലിനോക്കുന്ന കുടുംബമായിരുന്നു റൗഡി തങ്കത്തിന്റത്. എന്നാൽ 90കളുടെ തുടക്കത്തിൽ തന്നെ സ്വർണം കുഴിച്ചെടുക്കുന്നതിലെ ചെലവ് കൂടുകയും, അത് ആത്രക്ക് കിട്ടാതാവുകയും ചെയ്തതോടെ പല ഖനി യൂണിറ്റുകളും പൂട്ടാൻ തുടങ്ങി. അതോടെ പല കുടുംബങ്ങളും തൊഴിൽ രഹിതരായി. വർഷങ്ങളായി ഇവിടെ വന്നുപെട്ടതിനാൽ അവർക്ക് സ്വദേശത്തും ഒന്നും ഉണ്ടായിരുന്നില്ല. തിരിച്ചുപോകാൻ അവർക്കും ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയിലാണ് ഒരു വിഭാഗം ആളുകൾ ക്രിമിനിൽ പ്രവർത്തനത്തിലേക്ക് തിരിയുന്നത്.

റോക്കിയുടെ ജീവിതവും റൗഡി തങ്കത്തിന്റെ ജീവിതവും പരിശോധിച്ചാൽ അസാധാരണമായ സാമ്യങ്ങൾ കാണാം. കാരണം അമ്മയുടെ വാക്കാണ് കെജിഎഫ് സിനിമയുടെ ഹൈലൈറ്റ്. ആ മകന്റെ ജീവിതം അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ആയിരുന്നു. റൗഡി തങ്കവും അങ്ങനെ അമ്മയുമായി വളരെ അധികം വികാരവായ്‌പ്പോടെയുള്ള ബന്ധമുള്ള വ്യക്തിയായിരുന്നു. അമ്മയുടെ പേരായ പൗളി ഗ്യാങ്ങ് എന്നായിരുന്നു ഈ സംഘം അറിയപ്പെട്ടിരുന്നത്. പൗളി- പൗലോസ് ദമ്പതികളുടെ എഴുമക്കളിൽ മൂന്നാമനായി കെജിഎഫിലെ ബിഷപ്പ് കോട്ടൻ ടൗണിലെ ഒരു ചേരിയിലാണ് റൗഡി തങ്കം ജനിച്ചത്. ഈ സഹോദരന്മാരിൽ നാലുപേരെയും പൊലീസ് വെടിവെച്ചു കൊന്നുവെന്നത്, പിൽക്കാലത്തെ ചിരിത്രം.

പട്ടാപ്പകൽ ആക്രമിക്കുന്ന വീരൻ

ഒരു ഗ്യാങ്ങ്സ്റ്റർ ഫാമിലി എന്ന് വേണമെങ്കിൽ റൗഡി തങ്കത്തിന്റെ കുടുംബത്തെ വിശേഷിപ്പിക്കാം. ഈ എഴ് സഹോദരന്മാരിൽ നാലുപേരും ഗ്യാങ്്സ്റ്ററുകൾ ആയിരുന്നു. അതിൽ എറ്റവും മിടുക്കനായി റൗഡി തങ്കത്തിന് ശരിക്കും ഒരു കായംകുളം കൊച്ചുണ്ണി മോഡൽ ഇമേജായിരുന്നു ഉണ്ടായിരുന്നത്. അതായത് സമ്പന്നരുടെ സ്വത്തുക്കൾ കൊള്ളയടിച്ച് കിട്ടുന്നതിന്റെ ഒരു ഭാഗം, പാവപ്പെട്ട ഖനിത്തൊഴിലാളികൾക്ക് കൊടുക്കയായിരുന്നു പൗളി ഗ്യാങ്ങിന്റെ രീതി.

ഏതൊരു ഗ്യാങ്സ്റററെയും പോലെ ചെറിയ ചെറിയ അടിപിടിക്കേസുകളിലായിരുന്നു റൗഡി തങ്കത്തിന്റെ തുടക്കം. പിന്നെ അവർ ലക്ഷ്യമിട്ടത് കെജിഎഫിനും പരിസരപ്രദേശത്തുമുള്ള ജൂവലറികളെയും സ്വർണ്ണ ഇടനിലക്കാരെയും ആയിരുന്നു. കെജിഎഫിന്റെ യഥാർഥ ഉടമകൾ ഞങ്ങൾ ആണെന്നായിരുന്നു തങ്കത്തിന്റെ നിലപാട്. ഇങ്ങനെ കോളാറിൽ നിന്നുള്ള സ്വർണം കൂട്ടിവെച്ചിരിക്കുന്ന ജൂവലറികളും മുതലാളിമാരുടെ വീടുകളും പൗളി സംഘം കൊള്ളയടിച്ചു. എതിർത്തവർ അതിദാരുണമായി കൊല്ലപ്പെട്ടു.

കെജിഎഫിലെ റോക്കിഭായിയെപ്പോലെ അതിസാഹസികനായിരുന്നു റൗഡി തങ്കവും. എതിരാളികളെ അരിഞ്ഞിടുന്നത് പട്ടാപ്പകൽ എല്ലാവരും കാൺകെയാണ്. അങ്ങനെ വളരെ പെട്ടന്നുതന്നെ വീരപ്പൻ കഴിഞ്ഞാൽ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രമിനിൽ എന്ന പദവി ഇയാൾക്ക് കിട്ടി. വെറും 25 വർഷത്തെ ജീവിതത്തിനിടയിൽ കൊള്ളയും കൊലയും അടക്കം 75ലേറെ കേസുകളാണ് ഇയാൾക്കെതിരെ ഉണ്ടായത്. പണം കൊടുത്ത് കർണാടക രാഷ്ട്രീയത്തിൽ തൊട്ട് ഡൽഹിയിൽവരെ തങ്കം സ്വാധീനം ചെലുത്തി.

മരണത്തിന് തൊട്ട് തലേന്നത്തെ ദിവസം പോലും തങ്കം, പൊലീസിന്റെ മൂക്കിന് താഴെനിന്ന് ഒരു ജൂവലറി കൊള്ളയിടിച്ചു. വലിയ നാണക്കേടാണ് ഈ സംഭവം പൊലീസിന് ഉണ്ടാക്കിയത്. അതിനിടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഈ സംഘത്തെ ഒതുക്കാനുള്ള കർശന നിർദ്ദേശം വന്നിരുന്നു. പൊലീസ് പലതവണ റൗഡി തങ്കവുമായി ചർച്ചപോലും നടത്തിയിരുന്നു. ഈ അനുരഞ്ജന ചർച്ചക്കിടെ ഉണ്ടായ വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. തറുതല പറഞ്ഞ അയാളെ റൗഡി തങ്കം വെടിവെച്ചിട്ടു എന്നാണ് ജന സംസാരം. ഈ കഥകൾ ഒക്കെ കെജിഎഫിൽ വരുന്നുണ്ട്. തുടർന്നാണ് റൗഡി തങ്കത്തിനെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഓഡർ വരുന്നത്.

അങ്ങനെ വെറും 25ാം വയസ്സിൽ, 1997 ഡിസംബർ 27ന്് ഇയാൾ ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ കുപ്പത്ത് വെച്ചുണ്ടായ പൊലീസ് ആക്ഷനിൽ കൊല്ലപ്പെടുകയായിരുന്നു. പൊലീസ് ചതിയിൽ പിടികൂടിയ തങ്കത്തെ കോടതിയിൽ ഹാജരാക്കാതെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് പറയുന്നത്.

മൂന്നുസഹോദരങ്ങളും വെടിയേറ്റ് കൊല്ലപ്പെടുന്നു

റൗഡി തങ്കം മരിച്ചതോടെ പൗളി ഗ്യാങ്ങിന്റെ തലപോയെങ്കിലും പൊലീസിനെതിരെ പ്രതികാര ബുദ്ധിയോടെ മറ്റ് സഹോദർമ്മാർ പ്രവർത്തനം തുടങ്ങി. തങ്കത്തിന്റെ മൂത്ത സഹോദരനായ സെങ്കയവും, മറ്റ് അനിയന്മാരായ ഗോപിയും ജയകുമാറും ചേർന്നായിരുന്നു പ്രവർത്തനം. എന്നാൽ ഇവരെ ഓരോരുത്തരെ ആയി പൊലീസ് വെടിവെച്ച് കൊന്നു.

2003 ഒക്ടബോർ 12 ഞായറാഴ്ച പുലർച്ചെ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ കെജിഎഫിലെ തങ്കത്തിന്റെ മൂത്ത സഹോദരൻ 30 കാരനായ സെങ്കയത്തെ ബാംഗ്ലൂർ പൊലീസ് വെടിവച്ചു കൊന്നത് വലിയ വാർത്ത ആയിരുന്നു. കർണാടക, ആന്ധ്ര തമിഴ്‌നാട് എന്നിവിടങ്ങളിലായി കവർച്ച, പിടിച്ചുപറി, കൊലപാതകം, ബലാത്സംഗം തുടങ്ങി 37 ക്രിമിനൽ കേസുകൾ നേരിടുന്ന സെങ്കയത്തെത ടാഡ പ്രകാരം 1993ൽ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ നാലു വർഷത്തിനു ശേഷം സുപ്രീം കോടതി കുറ്റവിമുക്തനാക്കി. പലപ്പോഴും ഈ സംഘത്തെപേടിച്ച് ആരും സാക്ഷി പറഞ്ഞിരുന്നില്ല.

2003 ജൂലൈയിൽ കെജിഎഫ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മറ്റ് രണ്ട് സഹോദരങ്ങളായ ഗോപിയും ജയകുമാറും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര ദാഹത്തിലായിരുന്നു സെങ്കയം എന്നാണ് പൊലീസ് പറയുന്നത്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള രാമമൂർത്തിനഗറിലെ അന്നയ്യ റെഡ്ഡി ലേഔട്ടിലുള്ള സെങ്കയത്തിന്റെ കയറിയാണ് ഏറ്റുമുട്ടൽ ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.

''പൊലീസിനെ കണ്ടതും സെങ്കയം തന്റെ നാടൻ പിസ്റ്റളിൽ നിന്ന് വെടിയുതിർത്ത് ഓടാൻ തുടങ്ങി. ഒരു ഇൻസ്പെക്ടർ കൊണ്ടുപോയ ടോർച്ചിൽ ഒരുവെടിയുണ്ട തട്ടി. പൊലീസ് തിരിച്ചടിക്കുകയും നെഞ്ചിലും വയറിലും തുടയിലും മുതുകിലും വെടിയുതിർക്കുകയും ചെയ്തു. അയാൾ ഓടൻ ശ്രമിച്ചുവെങ്കിലും റോഡിൽ കുഴഞ്ഞുവീണ് മരിച്ചു,''- ഇങ്ങനെയാണ് സെങ്കയത്തിന്റെ മരണത്തെക്കുറിച്ച് ബാംഗ്ലൂർ പൊലീസ് പറയുന്നത്.

അപ്പോഴേക്കും ജനങ്ങൾ പൗളി തങ്കം ഗ്രൂപ്പിനോടുള്ള അഭിമുഖ്യം നഷ്ടപ്പെട്ടിരുന്നു. റൗഡി തങ്കത്തിന്റെ മരണത്തോടെ ആ റോബിൻഹുഡ് പ്രതിഛായ നഷ്ടമായി. അവർ പാവങ്ങളെ സഹായിക്കാതെ ആയി. തങ്കം സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നില്ല. എന്നാൽ പിന്നീട് ബലാത്സഗക്കേസുകൾ പോലും പൗളി ഗ്യാങിനെതിരെ ഉണ്ടായി. പൗളി ഇപ്പോഴും കെജിഎഫിൽ ജീവിച്ചിരിപ്പുണ്ട്. എന്നാൽ സിനിമയിൽ ഇവർ വളരെ നേരത്തെ മരിച്ചതായാണ് കാണിക്കുന്നത്.

യഥാർഥ കെജിഎഫിൽ അടിമകൾ ഉണ്ടായിരുന്നില്ല

എന്നാൽ കെജിഎഫ് സിനിമകളിൽ പറയുന്നതുപോലെ യഥാർഥത്തിൽ കോലാർ ഖനികളിൽ അടിമപ്പണി ഉണ്ടായിരുന്നില്ല. അത് ആഫ്രിക്കയിലെയും, 19ാം നൂറ്റാണ്ടിൽ കാലിഫോർണിയയിലും ഒക്കെയാണ് നടന്നത്. സ്വർണ്ണഖനനം കണ്ടത്തിയതോടെ ഒരു ഗ്രാമത്തെ ഒന്നടങ്കം ഇല്ലാതാക്കിയ കഥകൾ ആഫ്രിക്കയിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ പല ഖനികളിലും അടിമപ്പണിയുണ്ടായിരുന്നു. ഇതിനായി തോക്കുചൂണ്ടി ആളുകളെ തട്ടിക്കൊണ്ടുപോവുകയും ഉണ്ടായിരുന്നു. ഇത്തരം പൈശാചികമായ രീതികളുടെ ഒരുപാട് അനുഭവങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. റൗഡി തങ്കത്തിന്റെ കഥയിലേക്ക് ഈ അനുഭവങ്ങൾ ഒക്കെ എടുത്തുകൊണ്ട് കെജിഎഫിനെ വിശാലമായ തലത്തിലേക്ക് ഉയർത്തുകയാണ് സംവിധായകൻ പ്രശാന്ത് നീൽ ചെയ്തിരിക്കുന്നത്.

കർണാടകയിലെ കോലാർ ജില്ലയിൽ ബെംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഒരു ഖനന മേഖലയാണ് കോളർ ഗോൾഡ് ഫീൽഡ്സ് എന്ന കെജിഎഫ്. അതിവേഗതയിലുള്ള വികസനക്കുതിപ്പ് മൂലം ഇത് ലിറ്റിൽ ഇംഗ്ലണ്ട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2000 വർഷത്തിലേറെയായി അവിടെ സ്വർണം ഖനനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം. പലതവണ ആവകാശം പലർക്കും കൈമാറി അവസാനം ഇ്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനിലെത്തി. ടിപ്പുവിന്റെ കയ്യിൽ നിന്നും പിന്നീട് ബ്രിട്ടീഷുകാർ ഈ ഖനി പിടിച്ചെടുത്തു. ഇതോടെയാണ് ഇതിനു കെ.ജി.എഫ് എന്ന പേര് വന്നത്.

1802-ൽ ലെഫ്റ്റനന്റ് ജോൺ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണ്ണ നിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനിക രീതിയിലുള്ള ഖനനം ആരംഭിച്ചത്. ജോൺ ടെയ്‌ലർ ആൻഡ് സൺസ് എന്ന ബ്രിട്ടീഷ് കമ്പനിയായിരുന്നു ഇവിടത്തെ ഖനന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബ്രിട്ടീഷുകാർ പ്രവർത്തനം ഏറ്റെടുത്തതോടു കൂടി കെ.ജി.എഫിൽ സ്വർണ്ണ ഉൽപ്പാദനത്തിന്റെ അളവ് വർദ്ധിച്ചു.

കെ.ജി.എഫിന്റെ ഉച്ചസ്ഥായിയിൽ 30000 ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും അധിവസിച്ചിരുന്നു. ഖനികൾ തുറന്നപ്പോൾ അത് വളരെ അപകടകരമായ ജോലിയായതിനാൽ പ്രദേശവാസികൾ അവിടെ ജോലി ചെയ്യാൻ വിമുഖത കാണിച്ചു. ഇതോടെ, തമിഴ്‌നാട്ടിൽ നിന്നുമുള്ള തൊഴിലാളികളെ കെ.ജി.എഫിലേക്ക് കൊണ്ടുവന്നു. ഖനനം ചെയ്ത സ്വർണം ബിട്ടീഷുകാർ ഇംഗ്ലണ്ടിലേക്ക് അയച്ചു. നമ്മുടെ നാട്ടിലുള്ള സ്വത്തുക്കളെല്ലാം പരമാവധി ഊറ്റി എടുക്കുക എന്നതായിരുന്നല്ലോ ബ്രിട്ടീഷുകാരുടെ നയം. അവർ അത് തുടർന്നു. അങ്ങനെ, കെ.ജി.എഫിലെ സ്വർണം ബ്രിട്ടീഷ് ഓഹരി ഉടമയെ അവിശ്വസനീയമാം വിധം സമ്പന്നനാക്കി. അസമത്വം അപ്പോഴും കൊടികുത്തി വാണിരുന്നു.

സ്വർണം കുഴിച്ചെടുക്കുന്ന തൊഴിലാളികൾ ദാരിദ്ര്യം മാത്രം അനുഭവിച്ചു പോന്നു. ബ്രിട്ടീഷ് തൊഴിലാളികൾ സമ്പന്നതയുടെ കൊടുമുടിയിലായിരുന്നു. ബ്രിട്ടീഷുകാർ വിശാലമായ ബംഗ്ലാവുകളിൽ കഴിയുമ്പോൾ, ദരിദ്രരായ ഇന്ത്യൻ തൊഴിലാളികൾ ചെളി തറയുള്ള ഒറ്റമുറി കുടിലുകളിൽ താമസിച്ചു. ഖനികളിൽ ഏറ്റവും അപകടകരമായ ജോലികൾ ചെയ്തതും ഇന്ത്യൻ തൊഴിലാളികളാണ്. കോളർ ഗോൾഡ് എന്ന പേര് ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു 'സുവർണ്ണ'മായിരുന്നത്. പക്ഷേ കാലക്രമേണ സുഖസൗകര്യങ്ങൾ ഇന്ത്യൻ തൊഴിലാളികളെയും തേടിയെത്തി.

ഏഷ്യയിൽ വൈദ്യുതീകരിക്കപ്പെട്ട രണ്ടാമത്തെ നഗരം

ആദ്യമാദ്യം, ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു പ്രത്യേക സൗകര്യങ്ങൾ ലഭ്യമായിരുന്നത്. ഖനന മേഖലയിൽ അവർ ആശുപത്രികൾ, സ്‌കൂളുകൾ, സോഷ്യൽ ക്ലബ്ബുകൾ, ബോട്ടിങ് തടാകം, ഗോൾഫ് കോഴ്‌സ്, നീന്തൽക്കുളം എന്നിവ സ്ഥാപിച്ചു. ഈ സൗകര്യങ്ങൾ ഒന്നും ഇന്ത്യൻ തൊഴിലാളികൾക്ക് സ്വപ്നത്തിൽ പോലും കാണാൻ സാധിക്കുമായിരുന്നില്ല. യൂറോപ്യൻ തൊഴിലാളികൾക്കായി കെ.ജി.എഫിൽ മികച്ച വൈദ്യസഹായം വരെ ലഭ്യമായിരുന്നു. എന്നാൽ, പതുക്കെ അവരും മാറി. സൗകര്യങ്ങൾ ഇന്ത്യൻ തൊഴിലാളികൾക്കും ലഭിച്ചു തുടങ്ങി. 'സുവർണ്ണ' കാലത്തിന്റെ ഭംഗി എന്തെന്ന് അവരും അറിഞ്ഞു. കെ.ജി.എഫിലെ പല സൗകര്യങ്ങളും അവർക്കനുഭവിക്കാനായി. ടോക്കിയോക്ക് ശേഷം വൈദ്യുതീകരിക്കപ്പെട്ട ഏഷ്യയിലെ ആദ്യ നഗരം ആയിരുന്നു കോലാർ.

'നാം ഭൂമിയിൽ എവിടെയായിരുന്നാലും, കെ.ജി.എഫ് നമ്മുടെ ആത്മാവിൽ അലിഞ്ഞ് ചേർന്നിട്ടുണ്ടാകും. ഈ സുവർണ്ണ നഗരത്തിലെ പൗരന്മാർക്ക് അഭിമാനിക്കാൻ ഒരുപാടുണ്ട് കാരണമൊന്നും വേണ്ട, ഒരു കാരണം മതി. അതെ, ഞങ്ങൾ കെ.ജി.എഫിന്റെ മക്കളാണ്. ഈ സുവർണ്ണ നഗരത്തിന്റെ മക്കളാണ് എന്നത് തന്നെയാണ് ഞങ്ങളുടെ അഭിമാനം',- ഡോ. എസ്. ശ്രീകുമാറിന്റെ 'കോളർ ഗോൾഡ് ഫീൽഡ് അൺഫോൾഡിങ് ദി അൺടോൾഡ്' എന്ന പുസ്തകത്തിലെ ഈ വരികൾ സൂചിപ്പിക്കുന്നത്, അവർ എത്രയധികം സുഖസൗകര്യങ്ങയോടെയായിരുന്നു കെ.ജി.എഫിൽ കഴിഞ്ഞിരുന്നത് എന്നാണ്.

പിന്നീട്, കൂടുതൽ പട്ടണങ്ങൾ വികസിപ്പിക്കുകയും ബ്രിട്ടീഷ് ഓഫീസർമാരുടെ പേരിടുകയും ചെയ്തു. കോളർ ഗോൾഡ് ഫീൽഡിൽ പ്രധാനമായും 8 ഖനികൾ ആയിരുന്നു ഉണ്ടായിരുന്നത്. അവ യഥാക്രമം, മൈസൂർ ഗോൾഡ് മൈൻ, ചാമ്പ്യൻ റീഫ് മൈൻ, ന്യൂഡ്ഡ്രോഗ് മൈൻ, ഊറെഗം മൈൻ, ടാങ്ക് ബ്ലോക്ക് മൈൻ, ബാലാഘട്ട് മൈൻ, കോറോമാണ്ടൽ മൈൻ, നൈൻ റീഫ് മൈൻ എന്നിങ്ങനെയായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം, കെ.ജി.എഫ് ഇന്ത്യൻ സർക്കാരിന്റെ അധീനതയിലായി. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ലോകബാങ്കിൽ നിന്നും വായ്പ ആവശ്യപ്പെടുക്കുകയുണ്ടായി. എന്നാൽ, മതിയായ സെക്യൂരിറ്റി ഇല്ലെന്ന കാരണത്താൽ ലോകബാങ്ക് ഇന്ത്യയ്ക്ക് ലോൺ നിഷേധിച്ചു. ഇതോടെ, തങ്ങളുടെ കയ്യിൽ ഏറ്റവും മൂല്യമുള്ള ഒരു സാധനം ഉണ്ടെന്ന് പറഞ്ഞ് കെ.ജി.എഫ് ഈട് നൽകുകയാണുണ്ടായത്. കെ.ജി.എഫിന്റെ മൂല്യം തിരിച്ചറിഞ്ഞ ലോകബാങ്ക് ഇന്ത്യയ്ക്ക് ഒന്നും നോക്കാതെ ലോൺ അനുവദിക്കുകയും ചെയ്തു. പിന്നീട് ഭാരത് ഗോൾഡ് മൈൻസ് എന്ന പൊതുമേഖലാ ഖനന കമ്പനി കെ.ജി.എഫിന്റെ പ്രവർത്തനം ഏറ്റെടുത്തു. പക്ഷെ, കെ.ജി.എഫിലെ ഖനികൾ 2001-ൽ അടച്ചുപൂട്ടി. തലമുറകളായി ഇവിടെ തൊഴിൽ ചെയ്ത് വന്ന, കുടുംബങ്ങൾ ഇതോടെ വഴിയാധാരമായി. സ്വർണം ഉണ്ടായിരുന്നിട്ടും, സ്വർണ്ണ വിലയിലുണ്ടായ ഇടിവും കുറഞ്ഞുവന്നിരുന്ന ധാതുനിക്ഷേപവും കാരണമാണ് 2001 ഫെബ്രുവരി 28-ന് ഖനി അടച്ചത്.

ബെംഗളൂരു ചെന്നൈ റെയിൽ പാതയിൽ നിന്നും കെ.ജി.എഫിലേക്ക് ഒരു റെയിൽപ്പാത ഇപ്പോഴുമുണ്ട്. കെ.ജി.എഫ് നിവാസികൾ ജോലിക്കും മറ്റും ബെംഗളുരുവിലേക്ക് പോകുവാൻ ആശ്രയിക്കുന്നത് ഈ മാർഗമാണ്. 140 ഓളം വർഷങ്ങൾ പഴക്കമുള്ള കോളർ സ്വർണ്ണ ഖനിയിൽ ആയിരക്കണക്കിന് കോടി രൂപയുടെ സ്വർണം ഇന്നും അവശേഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഖനികളിൽ അവശേഷിക്കുന്ന സ്വർണ്ണ നിക്ഷേപത്തിന്റെ കൃത്യമായ വിവരം ശേഖരിക്കാനായി മിനറർ എക്‌സ്‌പ്ലോറേഷൻ കോർപറേഷൻ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ 20 വർഷമായി കർണാടക, കേന്ദ്ര സർക്കാരുകൾ ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്.കെ.ജി.എഫ് പഴയ പ്രതാപത്തോടെ വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഇന്നുമുണ്ട്.

മണ്ണിനടിയിൽ സ്വർണശേഖരം അവശേഷിക്കുന്നുണ്ടെങ്കിലും പ്രവർത്തനച്ചെലവ് വർധിച്ചതോടെ ഇവിടെ ഖനനം നടത്തിയിരുന്ന പൊതുമേഖലാസ്ഥാപനം ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് (ബി.ജി.എം.എൽ.) 2001 മാർച്ച് 31ന് പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. ഇവിടത്തെ ഖനികളിൽ അവശേഷിക്കുന്ന സ്വർണത്തിന്റെ കണക്കെടുക്കാനുള്ള പരിശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇനിയെന്നെങ്കിലും ഇവിടത്തെ സ്വർണഖനനം പുനരാരംഭിക്കുമെന്നും കോലാറിന്റെ സുവർണകാലം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ കീഴിൽ സ്വർണഖനനത്തിനെത്തി ഇവിടെ സ്ഥിരതാമസമാക്കിയ തൊഴിലാളികളുടെ പിന്മുറക്കാർ.

വാൽക്കഷ്ണം: കോലാർ സ്വർണ്ണഖനികളുടെ പ്രതാപകാലം ബ്രിട്ടീഷ് കാലമായിരുന്നു. കോഹിനുർ രത്നത്തിന്റെ കാര്യത്തിൽ എന്നപോലെ അവർ കെജിഎഫിലെ സ്വത്തും ബ്രിട്ടനിലേക്ക് കൊണ്ടുപോയി. പക്ഷേ ഇപ്പോൾ കെജിഎഫുകൊണ്ട് ഗുണം നമ്മുടെ സിനിമാ വ്യവസായത്തിനുണ്ടായിരിക്കയാണ്. ലോകമെങ്ങും ഈ സിനിമ ശ്രദ്ധിക്കപ്പെടുന്നു. കെജിഎഫിന്റെ സ്വത്തുകൊള്ളയടിച്ച് കൊണ്ടുപോയ ബ്രിട്ടനിലും!