നാഗ്പൂർ: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച് കാമുകനായ 19കാരൻ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീർ ഖാൻ എന്ന യുവാവാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു.

സമീറും പെൺകുട്ടിയും 2019ൽ ടിക് ടോക്കിലൂടെയാണ് പരിചയപപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക് ടോക്ക് വീഡിയോകൾ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പിൽ ഇരുവരും ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടു. എന്നാൽ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ട് പോയത്.

ജൂൺ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേർന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാൻ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.