തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന സൂചനയുമായി മനോരമ. മസാല ബോണ്ട് വഴി കിഫ്ബി 2150 കോടി രൂപ സമാഹരിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നു രേഖപ്പെടുത്തുന്ന കാര്യം അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപേ സിഎജി ധന വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണ് മനോരമയുടെ റിപ്പോർട്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളുന്നതാണ് ഈ വാർത്ത.

മസാല ബോണ്ട് വഴി കിഫ്ബി 2150 കോടി രൂപ സമാഹരിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നു രേഖപ്പെടുത്തുന്ന കാര്യം അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപേ സിഎജി ധന വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനു ധന വകുപ്പിൽ നിന്നു മറുപടിയും വാങ്ങി. അതിനു ശേഷമാണ് അന്തിമ റിപ്പോർട്ട് തയാറാക്കി ഈ മാസം 6 ന് ധന സെക്രട്ടറിക്കു കൈമാറിയത്. കരടു റിപ്പോർട്ടിൽ ഇല്ലാത്ത ഭാഗം തങ്ങളെ അറിയിക്കാതെ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നാണു മന്ത്രി തോമസ് ഐസക് ഇന്നലെ ആരോപിച്ചത്. ഇത് കളവാണെന്നാണ് മനോരമ വാർത്തയിലെ സൂചന.

സർക്കാർ കൈമാറിയ കണക്കുകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച 2018-19 ലെ റിപ്പോർട്ട് സിഎജി തയാറാക്കിയത്. ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലവട്ടം ചർച്ച നടത്തിയാണ് റിപ്പോർട്ടിന് അന്തിമ രൂപം നൽകിയത്. ഈ റിപ്പോർട്ട് അംഗീകാരത്തിനായി ഡൽഹിയിലെ ആസ്ഥാനത്തേക്ക് അയച്ചു. ജിഡിപിയുടെ 3% മാത്രം വായ്പയെടുക്കാനാണു കേരളത്തിന് അനുമതിയുള്ളത്. എന്നാൽ, മസാല ബോണ്ട് വഴിയുള്ള 2150 കോടിയുടെ വായ്പ സമാഹരണം കാരണം ഈ പരിധി ലംഘിച്ചെന്നു ഡൽഹിയിലെ പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.

വിദേശത്തു നിന്നുള്ള കടമെടുപ്പും തെറ്റാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനം ഇങ്ങനെ പരിധി വിട്ടുള്ള കടമെടുപ്പിലേക്കു നീങ്ങിയാൽ മറ്റു പല സംസ്ഥാനങ്ങളും ഈ പാത പിന്തുടരുമെന്നും അതിനാൽ മസാല ബോണ്ട് വഴിയുള്ള കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടണമെന്നും ഡൽഹി ഓഫിസിൽ നിന്നു തിരുവനന്തപുരത്തേക്ക് അറിയിപ്പെത്തി. തുടർന്നു തിരുവനന്തപുരത്തെ സിഎജി ഓഫിസിൽനിന്ന് റിപ്പോർട്ടിൽ ഇക്കാര്യവും ഉൾപ്പെടുത്തി അതിന്റെ പകർപ്പ് ധനവകുപ്പിന് അയച്ചു കൊടുത്തുവെന്ന് മനോരമ പറയുന്നു.

സർക്കാരിന്റെ കടമെടുപ്പു പരിധി കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്കു ബാധകമല്ലെന്ന വിശദമായി മറുപടി ധനവകുപ്പ് സിഎജിക്കും നൽകി. എന്നാൽ, തങ്ങളുടെ കണ്ടെത്തലിൽ സിഎജി ഉറച്ചു നിൽക്കുകയും കിഫ്ബിക്കെതിരായ പരാമർശങ്ങളോടെ തന്നെ അന്തിമ റിപ്പോർട്ട് ധന സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയുമായിരുന്നുവെന്ന് മനോരമ പറയുന്നു.സർക്കാരിനെതിരെ പുതിയ വിവാദത്തിന് തുടക്കമിടുന്നതും പൊലീസിലെ ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന പട്ടിക പുറത്തുവിട്ട മലയാളിയായ അതേ അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽരാജ് എന്നതാണ് മറ്റൊരു വസ്തുത.

കഴിഞ്ഞ മേയിൽ അരുണാചലിലേക്കു സ്ഥലംമാറ്റം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം കാരണം 2 മാസം കൂടി തിരുവനന്തപുരത്തെ ചുമതലയിൽ തുടർന്നു. ഇതിനിടയിലാണു ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്. പിന്നാലെ ഡൽഹിയിലെത്തി പ്രിൻസിപ്പൽ ഡയറക്ടറായി ചുമതലയേറ്റു. അരുണാചലിലേക്കുള്ള മാറ്റം റദ്ദാക്കിയാണു ഡൽഹിയിൽ നിയമിച്ചത്. ഇതും നിർണ്ണായകമായി. സുനിൽ രാജാണ് മസാലാ ബോണ്ടിലെ ഭരണഘടനാ വിരുദ്ധത റിപ്പോർട്ട് ചെയ്തതും. സർക്കാരിനെ വെട്ടിലാക്കിയ പൊലീസ് അഴിമതിക്ക് പിന്നിൽ ചാലകശക്തിയായ സുനിൽ രാജ് അന്ന് നടത്തിയ വാർത്താ സമ്മേളനം ഏറെ ചർച്ചയായിരുന്നു. കിഫ്ബിയിലെ റിപ്പോർട്ടോടെ സംസ്ഥാന സർക്കാരിന് രണ്ടാമത്തെ വെല്ലുവളി നൽകുകയാണ് സുനിൽ രാജ്.

1996 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സുനിൽരാജ് കിഫ്ബിയിൽ സമഗ്ര സമ്പൂർണ ഓഡിറ്റ് വേണമെന്ന കർക്കശ നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. പിന്നാലെ കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ സിഎജി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ സർക്കാർ സിഎജിക്കെതിരെ തിരിഞ്ഞു. റിപ്പോർട്ട് തിരുത്തണമെന്നാവശ്യപ്പെട്ടു സിഎജിക്കു കിഫ്ബി സിഇഒ കത്തു നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണു സംസ്ഥാന പൊലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ക്രമക്കേടുകളുടെ പരമ്പര തന്നെ സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്നത്. വെടിയുണ്ട കാണാതായതും ഫണ്ട് വകമാറ്റി ഉന്നത ഉദ്യോഗസ്ഥർ വില്ല പണിതതും കാർ വാങ്ങിയതുമൊക്കെ കേട്ടു കേരളം അന്തംവിട്ടു.

രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്. കേന്ദ്രത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയിൽ പറയുന്നു.

കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തൽ. കിഫ്ബിയെ സർക്കാർ സ്ഥാപനമായി സിഎജി കാണുമ്പോൾ കോർപറേറ്റ് സ്ഥാപനമായാണു കേരള സർക്കാർ വ്യാഖ്യാനിക്കുന്നത്.