കൊച്ചി : സംസ്ഥാന സർക്കാരിനെ മുൾമുനയിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം കിഫ്ബിയുടെ മസാല ബോണ്ടിലേക്കും. ബോണ്ട് വാങ്ങിയവരുടെ വിശദാംശങ്ങൾക്കായി ചീഫ് സെക്രട്ടറിക്ക് കത്തു നൽകുമെന്നാണ് റിപ്പോർട്ട്. ഇതോടെ കിഫ്ബിയിൽ ഇഡി അതിശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണെന്ന വ്യക്തമാകുകയാണ്. ഇക്കാര്യത്തിൽ നിയമസഭയുടെ അവകാശ ലംഘന നോട്ടീസ് കിട്ടിയാൽ വിശദാംശങ്ങളുമായി മറുപടി നൽകും.

കിഫ്ബി കമ്പനി നിയമപ്രകാരം രൂപീകരിച്ച കോർപ്പറേറ്റ് സ്ഥാപനമല്ല. സംസ്ഥാന നിയമപ്രകാരം ഖാദിബോർഡ്, വാട്ടർ അഥോറിറ്റി, ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ഹൗസിങ് ബോർഡ്, കിൻഫ്ര തുടങ്ങിയ സംസ്ഥാന സ്ഥാപനങ്ങൾക്കുള്ള അധികാരം മാത്രമേ കിഫ്ബിക്കുമുള്ളൂ. അതുകൊണ്ട് തന്നെ റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിക്കാനാകില്ല. ഇക്കാര്യത്തിൽ റിസർവ്വ് ബാങ്കിൽ നിന്നും ഇഡി വിവരങ്ങൾ ആരായുന്നുണ്ട്. ഇതിലെ മറുപടിയും അതിനിർണ്ണായകമാകും. വിദേശ വിനമയ നിയമമായ ഫെമയുടെ ലംഘനത്തിലാണ് പരിശോധനകൾ.

മസാലബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നത് ഗൗരവത്തോടെയാണ് ഇഡി കാണുന്നത്. പ്രവാസി മലയാളി സംരംഭകരെ ബിനാമിയാക്കി പലരും ബോണ്ട് വാങ്ങിയെന്നും ഇതിന്റെ മറവിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള സംശയം അതിശക്തമാണ്. കോവിഡ് വിവരശേഖരണ കരാറിലൂടെ വിവാദമായ ഐടി കമ്പനിയായ സ്പ്രിങ്ളറുമായി ഇവർക്കു ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നാണ് മംഗളത്തിലെ വാർത്ത. രാഷ്ട്രീയക്കാരുടെ ബന്ധുക്കളിലേക്കും അന്വേഷണം നീളും. ഉന്നതനായ വ്യക്തിയുടെ മകളെ ചുറ്റിപ്പറ്റിയാണ് സംശയങ്ങൾ എന്നും സൂചനയുണ്ട്.

കിഫ്ബിയുടെ വിദേശവായ്പ ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല കേസെടുക്കുന്നതെന്ന് ഇ.ഡി. വൃത്തങ്ങൾ വിശദീകരിച്ചു. സ്റ്റാർട്ടപ്പുകളുടെ മറവിൽ പലരും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവരുടെ കള്ളപ്പണം ഇത്തരം കമ്പനികൾ വഴി ബോണ്ടാക്കിയോ എന്നു പരിശോധിക്കും. യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതും പരിശോധിക്കും. മസാലാ ബോണ്ട് എന്ന ആശയം അവതരിപ്പിച്ചതു തന്നെ വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് സംശയം ഇഡിക്കുള്ളതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

മസാല ബോണ്ടിനു ബിബി റേറ്റിങ് ലഭിക്കാനും നിയമോപദേശത്തിനും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനും മറ്റുമായി സംസ്ഥാന ഖജനാവിൽനിന്ന് 42 കോടി രൂപ ചെലവഴിച്ചു. കിഫ്ബി സ്വതന്ത്ര സ്ഥാപനമെന്ന് സർക്കാർ പറയുന്നു. അപ്പോഴെന്തിന് ഇത്തരത്തിൽ ഇടപെടൽ നടത്തിയെന്നാണ് അന്വേഷണം. പൊതു പണത്തിന്റെ ഇത്തരത്തിലുള്ള ദുരുപയോഗം കുറ്റകരവും ശിക്ഷാർഹവുമാണ്. വിദേശ ഏജൻസികൾ വഴി ടെൻഡറില്ലാതെയാണു കിഫ്ബിക്കു ബിബി രാജ്യാന്തര റേറ്റിങ് നേടിയതെന്നും ഇഡി വിലയിരുത്തുന്നതായി മംഗളം വാർത്ത പറയുന്നു.

തുടർന്ന് ലണ്ടൻ, സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. വിവാദ കമ്പനിയായ എസ്.എൻ.സി. ലാവ്ലിനുമായി ബന്ധമുള്ള കമ്പനിയും ബോണ്ട് വാങ്ങി. ഇതും സംശയ നിഴലിലാണ്. മസാല ബോണ്ടിലൂടെ 9.72 ശതമാനം പലിശയ്ക്ക് 2,175 കോടി രൂപയാണു സമാഹരിച്ചത്. കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടാനുള്ള സാധ്യതകൾ പരിശോധിക്കാതിരുന്നതും ഈ പണം കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതും വിമർശിക്കപ്പെട്ടു.

അതിൽനിന്നു തിടുക്കത്തിൽ പണം പിൻവലിച്ചതു ബാങ്കിന്റെ ധനസ്ഥിതി അപകടത്തിലാണെന്ന് ഉള്ളിൽനിന്നു നിയമവിരുദ്ധമായി വിവരം ലഭിച്ചിട്ടാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. സമ്മർദമുണ്ടാക്കി കേന്ദ്ര ഏജൻസികളെ ഓടിക്കാമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പൂതി നടപ്പില്ലെന്നു ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.

കിഫ്ബിയുടെ പേരിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി തോമസ് ഐസക്ക് വീണിടത്തു കിടന്നുരുളുകയാണ്. മസാലബോണ്ടിലും കിഫ്ബിയുടെ മറ്റു ഇടപാടുകളിലും അന്വേഷണം വരുമെന്ന ഭയമാണ് സി.എ.ജി. റിപ്പോർട്ട് ചോർത്താനിടയാക്കിയത്. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കിഫ്ബി കരാർ കൊടുക്കുന്നത്. രണ്ടു സിപിഎം. മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ഭൂമിയുണ്ടെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതു നിഷേധിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.