തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനവുമായി കിറ്റക്‌സ് കമ്പനിയുടെ പരസ്യം നൽകിയത് വിവാദത്തിൽ. പി രാജീവിന്റെ ചിത്രം ഉൾപ്പെടെയാണ് അഭിനന്ദന കുറിപ്പ് പരസ്യ രൂപത്തിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനി പത്രത്തിൽ അച്ചടിച്ചിരിക്കുന്നത്. ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സ് പി രാജീവിനെ അഭിനന്ദിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ കടന്നുവരവ് തിരിച്ചടിയായത് കോൺഗ്രസിനായിരുന്നു. ഇടതു പിന്തുണ ട്വന്റി 20ക്ക് ഉണ്ടെന്ന ആരോപണവും ഉയരുകയുണ്ടായി. ഇതിനിടെയാണ് പരസ്യവും വന്നിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ ശത്രുസ്ഥാനത്ത് നിർത്തിയാണ് പല പഞ്ചായത്തുകളിലും ട്വന്റി 20 ഭരണം പിടിച്ചെടുത്തത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് സ്വീകരിച്ച ട്വന്റി 20 മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ കിറ്റക്സിനെ സംബന്ധിച്ചിടത്തോളം വ്യവസായ മന്ത്രിയുടെ സഹായങ്ങൾ അനിവാര്യവുമാണ്. അതുകൊണ്ടാണ് പരസ്യവുമായി രംഗത്തുവന്നതും.

2013ൽ രൂപം നൽകിയ ട്വന്റി 20 ചാരിറ്റബിൾ ട്രസ്റ്റാണ് പിന്നീട് രാഷ്ട്രീയ കക്ഷിയായി വളരുന്നതും പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കുന്നതും. കിറ്റക്സ് കമ്പനിയുടെ ചെയർമാനായ സാബു എം ജേക്കബാണ് ട്വന്റി 20യുടെ നയപരമായ തീരുമാനങ്ങളെടുക്കുന്നത്. സാബു തോമസ് ഏകാധിപതി സ്വഭാവമുള്ള കോർപ്പറേറ്റാണെന്ന് ട്വന്റി 20യിൽ നിന്നും രാജിവെച്ച ചില നേതാക്കൾ ആരോപിച്ചിരുന്നു. ആദ്യകാലഘട്ടത്തിൽ ഇടതുപക്ഷം ട്വന്റി 20ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നയം മാറ്റി.

തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പലതവണ ആവർത്തിച്ച ശേഷമാണ് സാബു തോമസ് സമീപ പഞ്ചായത്തുകളിലേക്ക് പ്രവർത്തനം വ്യാപിക്കുന്നത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ നിയമസഭിലേക്കും ട്വന്റി 20 പ്രതിനിധികളെ അയച്ചു. എന്നാൽ ദയനീയ പ്രകടനമാണ് സ്ഥാനാർത്ഥികൾ കാഴ്‌ച്ചവെച്ചത്.