കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണ പ്രകാരം ഹൈദ്രാബാദ് സന്ദർശിച്ച കിറ്റെക്സ് സംഘം ഞായറാഴ്ച രാവിലെ 10.30 ന് ഹൈദ്രാബാദിൽ നിന്നും കൊച്ചിക്ക് യാത്ര തിരിക്കും.സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ജെറ്റ് വിമാനത്തിൽ 11.45 ന് സംഘം നെടുമ്പാശേരി വിമാനതാവളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് മൂന്നാം ദിനം രാവിലെ സംഘം തിരികെ എത്തുന്നത്.

കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു കിറ്റെക്സ് എം ഡി സാബു എം ജേക്കബിനെ നേരിട്ടുള്ള ചർച്ചക്കായി ഹൈദ്രാബാദിലേക്ക് ക്ഷണിച്ചത്. ഇതിനായി സർക്കാർ ജെറ്റ് വിമാനവും സർക്കാർ പ്രതിനിധിയെയും അയച്ചു. ഹൈദ്രബാദിലെത്തിയ സംഘവുമായി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തിയ വ്യവസായ മന്ത്രി കെ ടി രാമ റാവു തെലങ്കാനയുടെ വ്യവസായ സാധ്യതയും ആനുകൂല്യങ്ങളും അറിയിച്ചു.

പരിശോധനകളുടെയും കേസുകളുടെയും പേരിൽ വേട്ടയാടില്ലെന്ന ഉറപ്പും മന്ത്രി സംഘത്തിന് നൽകി. കേരളത്തിൽ 73 നിയമലംഘനത്തിന് കിറ്റെക്സിന് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാമ റാവുവിന്റെ പരാമർശം. പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രിയുടെ മകൻ കൂടിയായ വ്യവസായ മന്ത്രി അറിയിച്ചു.

കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട് ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളതിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകാമെന്നും മന്ത്രി സംഘത്തെ അറിയിച്ചു. വാറങ്കൽ കകാതിയ മെഗാ ടെക്സ്‌റ്റൈയിൽ പാർക്കും വെൽസ്പൺ ഫാക്ടറിയും ചന്ദൻ വാലി പാർക്കും സംഘം സന്ദർശിച്ചു. ടെക്സ്‌റ്റൈൽ അസോസിയേഷൻ പ്രതിനിധികളുമായും കിറ്റെക്സ് സംഘം പ്രത്യേക ചർച്ച നടത്തി. തെലങ്കാന പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത സംഘം ആദ്യ ഘട്ടത്തിൽ 1000 കോടിയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച് ധാരണയിലെത്തി.

രണ്ട് വർഷം കൊണ്ട് നാലായിരം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണ് വാറങ്കലിൽ ആരംഭിക്കുന്ന ഫാക്ടറി. ഇത് കൂടാതെ മറ്റ് പദ്ധതികളെ സംബന്ധിച്ചും പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അവസാന വട്ട ചർച്ചയും പൂർത്തിയാക്കിയാണ് സംഘം മടങ്ങിയെത്തുന്നത്. കേരളത്തിൽ നിക്ഷേപം പിൻവലിക്കുന്നുവെന്നറിഞ്ഞതോടെ 9 സംസ്ഥാനങ്ങളാണ് കിറ്റെക്സിനെ അവരുടെ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കേരളത്തെ വാഴ്‌ത്തിയ സാബു ജേക്കബിന്റെ വാക്കുകൾ വൈറൽ

അതിനിടെ, സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് കിറ്റക്സ് എംഡി സാബു ജേക്കബ് അസൻഡ് വ്യവസായ നിക്ഷേപ സംഗമത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. വ്യവസായത്തിന് വളരെ നല്ല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അസൻഡിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നെന്നും സാബു പറഞ്ഞിരുന്നു.

തൊഴിൽ അടിസ്ഥാനത്തിൽ സബ്സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ, കേരളത്തിൽ വ്യവസായം ചെയ്യുന്ന ആളുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയായിട്ടും സാബു അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ നിക്ഷേപത്തിന് ഇല്ല, തെലങ്കാനയിലേക്ക് പോകുന്നു, ഇവിടെ വേട്ടയാടുന്നു എന്ന് പറയുന്നത് ശരിയോയെന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.

സാബു അന്ന് പറഞ്ഞത്: 'ജീവിതത്തിൽ എല്ലാ മേഖലകളിലും പ്രശ്നങ്ങൾ ഉണ്ട്. കുടുംബത്തിലായാലും പ്രശ്നങ്ങൾ ഉണ്ട്. മറ്റ് എല്ലാ മേഖലകളിലും പ്രശ്നങ്ങൾ ഉണ്ട്. അതുപോലെ, ഇൻഡസ്ട്രിയിലും പ്രശ്നങ്ങൾ ഉണ്ട്. നമ്മൾ ഇവിടെ പ്രശ്നങ്ങളെ മാത്രം പറയുകയാണ്. പക്ഷെ, അത് അതിജീവിക്കാൻ നമുക്ക് സാധിക്കണം. പതിമൂന്നാം വയസിലാണ് ഞാൻ ബിസിനസിലേക്ക് ഇറങ്ങുന്നത്.''

'എനിക്ക് തോന്നുന്നത് ഇത്രയും വർഷത്തിനിടയിൽ നല്ല കാലാവസ്ഥ, കഴിഞ്ഞ മൂന്ന്, നാല് വർഷമായിട്ട് നമ്മുടെ കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ഇൻവെസ്റ്റ് ചെയ്യാൻ സാധിച്ചു. പലപ്പോഴും ബിസിനസ് ഇനി മുന്നോട്ട് പോകണ്ട, ഇത്രേം മതി എന്ന് വിചാരിച്ചിരുന്ന ആളാണ്. ഇന്നിപ്പോൾ ചീഫ് മിനിസ്റ്ററുടെ അനൗൻസ്മെന്റ് ഒക്കെ കേട്ടപ്പോൾ കൂടുതൽ ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. തീർച്ചയായും വളരെ നല്ല സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. തൊഴിൽ അടിസ്ഥാനത്തിൽ സബ്സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് കൂടുതൽ ആകർഷണീയമായി തോന്നിയത്. ഇത് കേരളത്തിൽ വ്യവസായം ചെയ്യുന്ന ആളുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവന ആയിട്ടാണ് തോന്നുന്നത്.'